കോൺഗ്രസ് അനുനയ ലിസ്റ്റ് ഇന്ന് സമർപ്പിക്കും
text_fieldsകോഴിക്കോട്: പുനഃസംഘടന വിവാദങ്ങൾക്കിടെ കോൺഗ്രസ് ജില്ല കമ്മിറ്റി-ബ്ലോക്ക് കമ്മിറ്റി ഭാരവാഹിപ്പട്ടിക ഡി.സി.സി പ്രസിഡന്റ് ബുധനാഴ്ച കെ.പി.സി.സിക്ക് സമർപ്പിക്കും. എൻ. സുബ്രഹ്മണ്യൻ, ടി. സിദ്ദീഖ്, കെ. ജയന്ത്, പി.എം. നിയാസ് എന്നീ നേതാക്കൾ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക രേഖാമൂലം നൽകിയിരുന്നു.
എ ഗ്രൂപ് നേതാവ് കെ.സി. അബു വാക്കാൽ നൽകിയ ലിസ്റ്റാണ് പട്ടികയിൽപെടുത്തിയിരിക്കുന്നത്. മുതിർന്ന നേതാക്കളായ എം.കെ. രാഘവനെയും കെ. മുരളീധരനെയും മുല്ലപ്പള്ളിയെയും തൃപ്തിപ്പെടുത്തുന്ന ഭാരവാഹിപ്പട്ടിക അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ഡി.സി.സി നേതൃത്വത്തിൽ നടക്കുന്നത്. മുല്ലപ്പള്ളിയുമായി ഡി.സി.സി പ്രസിഡന്റ് ബുധനാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. എം.കെ. രാഘവനെയും കെ. മുരളീധരനെയും അനുനയിപ്പിക്കുന്നതിൽ ഏതാണ്ട് വിജയിച്ചതായാണ് സൂചന.
അതേസമയം, കെ.പി.സി.സി നേതൃത്വവുമായി എം.പിമാർ ഉടക്കിനിൽക്കുകയാണ്. എം.കെ. രാഘവൻ ശശി തരൂർ ഗ്രൂപ്പിലേക്ക് മാറിയതോടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് അനഭിമതനായിരിക്കുകയാണ്. അത് ജില്ലയിലൊതുങ്ങുന്ന പ്രശ്നമല്ല. കെ. മുരളീധരനാവട്ടെ ആർക്കും പിടികൊടുക്കാതെ സ്വന്തമായ അഭിപ്രായങ്ങളാൽ ശ്രദ്ധേയനായി തുടരുകയാണ്. ജില്ലയിൽ ഇവരെയെല്ലാം അനുനയിപ്പിച്ച് കൊണ്ടുപോയില്ലെങ്കിൽ ഡി.സി.സിക്ക് വലിയ ക്ഷീണമാവുമെന്നതിനാൽ അനുനയ വഴിയിൽ എത്രദൂരം പോവാനും തൽക്കാലം ജില്ല നേതൃത്വം തയാറാണ്.
ജില്ലയിൽനിന്ന് നൽകുന്ന ഭാരവാഹി ലിസ്റ്റിൽനിന്ന് അന്തിമപട്ടിക തയാറാക്കാൻ സംസ്ഥാന തലത്തിൽ സംവിധാനമില്ലാത്തതാണ് പ്രശ്നത്തിന്റെ മർമം. ഇത് പരിഹരിക്കാനാണ് എം.പിമാരുൾപ്പെടെ മുതിർന്ന നേതാക്കൾ നിർദേശിക്കുന്ന പേരുകൾ പ്രത്യേകം ലിസ്റ്റിൽപെടുത്തി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കുന്നത്. പട്ടികയിലേക്ക് പേര് നൽകില്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയാണ് രാഘവനും മുരളിയും മുല്ലപ്പള്ളിയും. പേര് രേഖാമൂലം കിട്ടിയില്ലെങ്കിലും അവരുടെ താൽപര്യം മാനിക്കുന്ന ലിസ്റ്റാണ് സമർപ്പിക്കാനായി ഒരുക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കളെയും എം.പിമാരെയും മാനിച്ചുകൊണ്ടുള്ള ഭാരവാഹിപ്പട്ടികയാണ് ഒടുവിൽ അംഗീകരിക്കപ്പെടുകയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.