കോൺഗ്രസ് അംഗത്വവിതരണം; ക്വാട്ടയുടെ മൂന്നിലൊന്നുപോലുമായില്ല
text_fieldsകോഴിക്കോട്: നിശ്ചയിച്ച ക്വാട്ടയുടെ മൂന്നിലൊന്നുപോലും പൂർത്തീകരിക്കാനാകാതെ കോൺഗ്രസിന്‍റെ അംഗത്വവിതരണ കാമ്പയിൻ. ജില്ലയിൽ കുറഞ്ഞത് നാലുലക്ഷംപേരെ പാർട്ടി അംഗങ്ങളാക്കണമെന്നാണ് ഡി.സി.സിക്ക് കെ.പി.സി.സി നൽകിയ നിർദേശം. മെംബർഷിപ് കാമ്പയിൻ മാർച്ച് 31ൽ നിന്ന് ഏപ്രിൽ 15വരെ നീട്ടിയിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
അംഗത്വാടിസ്ഥാനത്തിൽ പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ ഗ്രൂപ്പുകൾ പിന്തിരിഞ്ഞതാണ് മെംബർഷിപ് കാമ്പയിൻ മന്ദഗതിയിലാകാൻ കാരണമെന്നാണ് ആക്ഷേപം. മുൻകാലങ്ങളിൽ മേധാവിത്വം നേടാനായി എ, ഐ ഉൾപ്പെടെ ഗ്രൂപ്പുകളാണ് മത്സരിച്ച് മെംബർഷിപ് ചേർത്തിരുന്നത്. ഇത്തവണ അംഗത്വവിതരണവും പുനഃസംഘടനയും ഒരുമിച്ച് പ്രഖ്യാപിച്ചതോടെതന്നെ പ്രാദേശിക നേതാക്കളടക്കം ആശയക്കുഴപ്പത്തിലായിരുന്നു. അംഗങ്ങളെ ചേർത്തിയാലും ഇതിന്‍റെ അടിസ്ഥാനത്തിലാവില്ല സംഘടന തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഗ്രൂപ് നേതാക്കൾകൂടി അറിയിച്ചതോടെ കാമ്പയിൻ ആരംഭിച്ചതുതന്നെ തണുപ്പൻ മട്ടിലാണ്.
ഇതോടെ, അണികളിൽ ആവേശമുണ്ടാക്കാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി നേരിട്ടെത്തി ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയും പ്രവർത്തക ശിൽപശാലയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവിൽ ജില്ലയിൽ 1,06,803 പേരാണ് ഡിജിറ്റൽ അംഗത്വം സ്വീകരിച്ചത്. കൂടുതൽ പേർ ഡിജിറ്റൽ സംവിധാനം വഴി അംഗങ്ങളായത് പേരാമ്പ്രയിലും (13,196), ഏറ്റവും കുറവ് വടകര നിയോജക മണ്ഡലത്തിലുമാണ് (3,684).
അതേസമയം പരമ്പരാഗതമായി കോൺഗ്രസിന് വോട്ടുചെയ്യുന്നവരടക്കമുള്ളവരെ പോലും പാർട്ടി അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാൾ പറഞ്ഞു. ഓരോ ബൂത്തിൽനിന്നും 200 പേരെ അംഗങ്ങളാക്കാനായിരുന്നു നിർദേശമെങ്കിൽ പത്തുപേരെപോലും ചേർത്താത്ത ബൂത്തുകൾ നിരവധിയാണ്. നാലുലക്ഷംപേരെ അംഗങ്ങളാക്കണമെങ്കിൽ ഒരു നിയോജക മണ്ഡലത്തിൽനിന്ന് ശരാശരി 25,000 പേരെയെങ്കിലും ചേർത്തണം. എന്നാൽ 5,000 പേരെ പോലും അംഗങ്ങളാക്കാത്ത നിയോജക മണ്ഡലം കമ്മിറ്റികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി കടലാസ് രശീതി നൽകിയുള്ള മെംമ്പർഷിപ് ചേർത്താനാണ് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ നിയോജക മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടത്. അംഗത്വ ബുക്കിൽ ഫോട്ടോ വേണമെന്നത് ഒഴിവാക്കി വോട്ടർ ഐഡി നമ്പർ ചേർത്താൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ മെംബർഷിപ്:
നിയോജക മണ്ഡലംതല കണക്ക്
- കോഴിക്കോട് സൗത്ത് 6,190
- കോഴിക്കോട് നോർത്ത് 7,155
- എലത്തൂർ 11,390
- ബാലുശ്ശേരി 12,061
- കൊടുവള്ളി 6,410
- കുന്ദമംഗലം 11,554
- ബേപ്പൂർ 4,702
- പേരാമ്പ്ര 13,196
- കൊയിലാണ്ടി 5,883
- നാദാപുരം 7,241
- കുറ്റ്യാടി 5,841
- വടകര 3,684
- തിരുവമ്പാടി 11,496
- .......................................
- ആകെ 1,06,803
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.