കോൺഗ്രസ് പുനഃസംഘടന; ബ്ലോക്ക് പ്രസിഡന്റിലെ ഗ്രൂപ് പോര് വിട്ട് മണ്ഡലം പ്രസിഡന്റിൽ ധാരണയുമായി നേതാക്കൾ
text_fieldsകോഴിക്കോട്: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പദവികൾ കൈയടക്കാൻ വടംവലി നടത്തിയ പാർട്ടിയിലെ ഗ്രൂപ് നേതാക്കൾ മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ ‘സമ്പൂർണ അച്ചടക്കത്തിൽ’. പ്രസിഡന്റ് പദവി പിടിച്ചെടുക്കുന്നതിന്റെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി പ്രാദേശിക നേതാക്കൾ വിട്ടുനിന്നാൽ പ്രദേശത്ത് പാർട്ടിയുണ്ടാവില്ലെന്ന തിരിച്ചറിവാണ് ഗ്രൂപ് കളിയിൽ നിന്ന് ജില്ലയിലെ നേതാക്കളെ പിൻതിരിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ ഗ്രൂപ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് അംഗീകരിക്കില്ലെന്ന് പല പ്രാദേശിക നേതാക്കളും ജില്ല നേതൃത്വത്തെ നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ 117 മണ്ഡലം പ്രസിഡന്റുമാരെയാണ് തെരഞ്ഞെടുക്കാനുള്ളത്. ഇതിൽ ഏതാണ്ട് അമ്പതു ശതമാനം സ്ഥലത്ത് ധാരണയായി.
ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് തർക്കം. മുമ്പ് മണ്ഡലം പ്രസിഡന്റുമാരിൽ എഴുപത് ശതമാനത്തിലേറെ എ ഗ്രൂപ്പുകാരായിരുന്നു. ആ നിലക്ക് നോക്കുമ്പോൾ ധാരണയായ പ്രദേശങ്ങളിൽ തങ്ങൾക്ക് വലിയ പിരിക്കില്ലെന്നാണ് എ ഗ്രൂപ് നേതാക്കൾ പറയുന്നത്.
ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോൾ വലിയ നഷ്ടമുണ്ടായതിനാൽ ജാഗ്രതയോടെയാണ് എ ഗ്രൂപ് ചർച്ചകളിൽ ഇടപെട്ടത്. ഒരു ജില്ലയിലെ ഒരു ബ്ലോക്ക് പ്രസിഡന്റും ഒരു നിയോജക മണ്ഡലത്തിലെ ഒരു മണ്ഡലം പ്രസിഡന്റും വനിതയാവണമെന്നാണ് കെ.പി.സി.സി നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 26 ബ്ലോക്ക് പ്രസിഡന്റുമാരിൽ വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി പി.സി. ഷീബയെ പാർട്ടി നിയോഗിച്ചിരുന്നു. എന്നാൽ, 13 മണ്ഡലം പ്രസിഡന്റുമാർ വനിതകളാകണമെന്ന നിർദേശം പാലിക്കപ്പെടുമെന്ന കാര്യത്തിൽ നേതാക്കൾക്കുതന്നെ ഉറപ്പില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിലുള്ള വലിയ ജോലിഭാരം കണക്കിലെടുത്ത് ആരും മുന്നോട്ടുവന്നിട്ടില്ല. പ്രാദേശിക ഘടകങ്ങൾ വനിതകളുടെ പേര് മുന്നോട്ടുവെച്ചിട്ടുമില്ല. 20 ബൂത്തുകളിൽ അധികമുള്ള കമ്മിറ്റികളിൽ ഒട്ടുമിക്കതും ഇത്തവണ വിഭജിച്ച് പുതിയ മണ്ഡലം കമ്മിറ്റികളായി മാറിയെങ്കിലും ചിലയിടത്ത് വിഭജനം പൂർത്തിയായിട്ടില്ല. ആഗസ്റ്റ് 15നകം മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കുക ലക്ഷ്യമിട്ട് ജില്ല കമ്മിറ്റികൾ ഒരാഴ്ചക്കുള്ളിൽ പട്ടിക നൽകണമെന്നാണ് കെ.പി.സി.സി ആവശ്യപ്പെട്ടത്. പല ജില്ലകളിലും ധാരണകൾ രൂപപ്പെടാത്തതിനാൽ ഇത് വീണ്ടും നീട്ടുമെന്നും അതിനകം മറ്റിടങ്ങളിലും സമവായത്തിലൂടെ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുമെന്നും നേതൃത്വം പറയുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, കെ. ജയന്ത്, മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, എം.പിമാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ എന്നിവരടങ്ങിയ ഡി.സി.സി ഉപസമിതിയാണ് കെ.പി.സി.സിക്ക് നൽകുന്ന മണ്ഡലം പ്രസിഡന്റുമാരുടെ അന്തിമ പട്ടിക തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.