അടിത്തട്ടിലിറങ്ങി കോൺഗ്രസ്; വരുന്നു 'സി.യു.സി'
text_fieldsകോഴിക്കോട്: ബൂത്ത് കമ്മിറ്റികൾക്ക് താഴെ പ്രവർത്തനം ഊർജിതമാക്കാനുള്ള കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികൾ (സി.യു.സി) വെള്ളിയാഴ്ച നിലവിൽവരും. ആദ്യഘട്ടത്തിലെ സി.യു.സികളുെട ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലക്കാട് കരിമ്പുഴയിലെ ആറ്റശ്ശേരിയിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ ജന്മദിനമായ ഡിസംബർ 28ന് 1.25 ലക്ഷം യൂനിറ്റുകൾ രൂപവത്കരിക്കുകയാണ് ലക്ഷ്യം. 15 മുതൽ 20 വരെ കോൺഗ്രസ് അനുഭാവ വീടുകളാണ് ഒരു സി.യു.സിക്ക് കീഴിലുണ്ടാവുക. ഗാന്ധിയൻ രാഷ്ട്രീയമാണ് സി.യു.സികളിൽ നടപ്പാക്കുകയെന്ന് െക.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
അഹിംസാധിഷ്ഠിതമായ രാഷ്ട്രീയപ്രവർത്തനം നടത്തും. മതനിരപേക്ഷതയുടെ പ്രായോഗികത ഉറപ്പുവരുത്തൽ, സ്ത്രീശാക്തീകരണത്തിനുള്ള വേദി ഒരുക്കൽ, സംരംഭങ്ങൾ കണ്ടെത്തി നടപ്പാക്കൽ, സാംസ്കാരിക, ലഹരി വിരുദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സി.യു.സി നടത്തും. സ്വയം നിയന്ത്രണവും അച്ചടക്കവുമുള്ള പ്രവർത്തകരെ കണ്ടെത്തലും പ്രധാന ലക്ഷ്യമാണ്.സി.യു.സി പദ്ധതി അനൗപചാരികമായി നടപ്പാക്കിയ മണ്ഡലങ്ങളിൽ മികച്ച പ്രതികരണമാണെന്ന്് കെ. സുധാകരൻ പറഞ്ഞു.
ഒക്ടോബർ മൂന്ന് മുതൽ നവംബർ 14വരെയുള്ള ക ാലയളവിൽ 140 നിയമസഭ മണ്ഡലങ്ങളിലെ രണ്ട് വീതം മണ്ഡലം കമ്മിറ്റികൾക്കുകീഴിൽ സി.യു.സി നടപ്പാക്കും. ഇതിനാവശ്യമായ പ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. 50 അംഗങ്ങൾ വീതമുള്ള ജില്ലതല റിസോഴ്സ് ഗ്രൂപ്പിനുള്ള ദ്വിദിന പരിശീലനം ഒക്ടോബർ ആദ്യവാരം പൂർത്തീകരിക്കും. സി.യു.സി യോഗത്തിൽ പതാക ഉയർത്തുന്നത് പുരുഷനാണെങ്കിൽ അധ്യക്ഷസ്ഥാനത്ത് സ്ത്രീ വേണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.