കനോലി കനാലിൽ 'കളവാരൽ ചടങ്ങ്'
text_fieldsകോഴിക്കോട്: കനോലി കനാലിൽ ലക്ഷങ്ങൾ മുടക്കി ഇത്തവണയും കുളവാഴയും കളയും നീക്കൽ. എരഞ്ഞിപ്പാലം ബൈപാസിൽ സരോവരം പാർക്കിന് സമീപത്തെ കനാലിൽ നിറഞ്ഞ കളകളാണ് നീക്കിത്തുടങ്ങുന്നത്. സംസ്ഥാന സർക്കാറിന്‍റെയും കോർപറേഷന്‍റെയും ലക്ഷക്കണക്കിന് രൂപ വെള്ളത്തിലാക്കിയുള്ള കനോലി കനാൽ വൃത്തിയാക്കൽ വർഷംതോറും നടക്കുന്നതാണ്. കഴിഞ്ഞ തവണ 12 ലക്ഷമാണ് കള നീക്കാൻ കരാറുകാരന് നൽകിയത്.
ഇത്തവണ തുക കൂടുതലാണ്. ശാശ്വതമായ പരിഹാരം കാണാനാകാതെ വൻതുകയാണ് ഒരോ വർഷവും വെള്ളത്തിലാകുന്നത്. കളയുടെ വേരും വിത്തും പിഴുത് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. കഴിഞ്ഞ ജൂലൈയിലായിരുന്നു ഒടുവിൽ കളകൾ നീക്കം ചെയ്തത്. മെയ്ത്ര ആശുപത്രിക്ക് സമീപം മുടപ്പാട് പാലം മുതൽ മിനി ബൈപാസിലെ സരോവരം കളിപ്പൊയ്കക്ക് സമീപം വരെയാണ് അന്ന് വൃത്തിയാക്കിയത്. മാസങ്ങൾക്ക് ശേഷം കളകൾ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. എളുപ്പത്തിൽ വളരുന്ന തരം കുളവാഴയാണ് കനാലിൽ പടരുന്നത്.
രണ്ട് വർഷം മുമ്പ് ഉൾനാടൻ ജലഗതാഗത പദ്ധതിയിൽപ്പെടുത്തി കളയും പായലും ചളിയും കോരിയിരുന്നു. വൃത്തിയാക്കിയ കനാലിലൂടെ ബോട്ടും ഓടിച്ച് നോക്കിയിരുന്നു. എന്നാൽ, പായലിന്‍റെ വിത്തുകൾ കനാലിന്‍റെ അടിയിൽ കിടക്കുന്നതിനാൽ വീണ്ടും നിറയുന്ന അവസ്ഥയാണ്.
വർഷംതോറും ലക്ഷങ്ങൾ ചെലവാക്കി പായൽ കോരുന്നതിൽ കാര്യമില്ലെന്നാണ് കനാലിന് അരികിൽ താമസിക്കുന്നവരുടെ അഭിപ്രായം.
കനാൽ ആഴം കൂട്ടാൻ ജലവിഭവ വകുപ്പിന് ഏഴരക്കോടി രൂപ കോർപറേഷൻ കൈമാറിയിരുന്നു. എന്നാൽ, പ്രവൃത്തികൾ കാര്യമായി മുന്നോട്ട് നീങ്ങിയിരുന്നില്ല.
1118 കോടി രൂപയാണ് കനാൽ സിറ്റിയായി കോഴിക്കോടിനെ മാറ്റാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്. നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്നാണ് സർക്കാറിന്‍റെ അവകാശവാദം.
കല്ലായി മുതൽ എരഞ്ഞിക്കൽ വരെ 11.2 കിലോമീറ്ററിലാണ് കനാൽ വികസനം. ഇത്തവണത്തെ കനാൽ വൃത്തിയാക്കൽ ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളത്തിൽ താൽക്കാലിക ബോട്ട്ജെട്ടിയിൽ ഘടിപ്പിച്ച പ്രൊക്ലയിനർ ഉപയോഗിച്ചാണ് കളനീക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.