ഇത് ഓടയല്ല; കനോലി കനാലാണ്
text_fieldsകോഴിക്കോട്: നഗരത്തിന്റെ ജലനാഡിയായിരുന്ന കനോലി കനാൽ ഇന്ന് കണ്ണീർകനാലാണ്.ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ കലക്ടറായിരുന്ന കനോലി സായ്വ് കല്ലായിപ്പുഴയും എലത്തൂര്‍പുഴയും ബന്ധിപ്പിച്ചുള്ള ഗതാഗതത്തിനായി നിർമിച്ച ഈ ജലപാത, നഗരത്തിലെ ഓടകളിലേതെന്നപോലെ ആശുപത്രികളിലെയും ഹോട്ടലുകളിലെയുമൊക്കെ മലിനജലം വന്നടിഞ്ഞ് കറുത്തൊഴുകുന്ന ‘ഓവുചാലായി’ മാറിയിട്ട് വർഷങ്ങളായി. മൂക്കുപൊത്താതെ പരിസരത്തുകൂടി യാത്രചെയ്യാൻപോലും കഴിയാറുമില്ല.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലുംConnollyConnolly കനാലിലേക്ക് മാലിന്യം വന്നടിഞ്ഞതായി സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കനോലി കനാൽ ശുചീകരണത്തിന് നൂതന കർമപദ്ധതികളുമായി ജില്ല ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്.
പ്രശ്നം ദ്രവമാലിന്യം
ശുചീകരണത്തിന് ഇതിനു മുമ്പും പദ്ധതികൾ പലത് വന്നുപോയെങ്കിലും കനാലിന് കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ല. നഗരം വികസിച്ചതോടെ കനാലിന്റെ ഓരങ്ങളിൽ മുളച്ചുപൊന്തിയ വ്യവസായ സ്ഥാപനങ്ങളും ഫ്ലാറ്റുകളും ആശുപത്രികളും ഹോട്ടലുകളും കനാലിനെ കുപ്പത്തൊട്ടിയാക്കി.
ഇന്ന് നഗരത്തിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രമാണ് ഈ ജലാശയം. ഗതാഗതത്തിന് മാത്രമല്ല, മത്സ്യസമ്പത്തിന്റെ വൻശേഖരം ഉണ്ടായിരുന്ന കനോലി കനാൽ ഉപജീവനമാക്കി ജീവിച്ചിരുന്ന മത്സ്യത്തൊഴിലാളികളും ധാരാളമുണ്ടായിരുന്നു. മത്സ്യസമ്പത്തിന് പേരുകേട്ട കനാലിലെ കുണ്ടൂപറമ്പ് മുതൽ കല്ലായിവരെ നീളുന്ന കനാൽ ഭാഗങ്ങളിൽ ഇപ്പോൾ ആരും മീൻപിടിക്കാറില്ല. അവിടെനിന്ന് പിടിച്ച മീൻ വാങ്ങിക്കാൻ ആളെക്കിട്ടാറുമില്ല. നേരത്തേ കളിപ്പൊയ്കയുടെ ഭാഗത്തുള്ള കണ്ടൽക്കാടുകൾ ചെമ്മീനുകളുടെ ആവാസകേന്ദ്രവും പ്രജനന കേന്ദ്രവുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ഗൃഹാതുരതയോടെ ഓർക്കുന്നു.
കനോലി കനാൽ വൃത്തിയാക്കാൻ പദ്ധതികൾ പലത് നടപ്പായെങ്കിലും പൂർണമായും വിജയത്തിലെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും സാനിറ്ററി പാഡുകളും കനാലിൽ തള്ളുന്നത് സ്ഥിരമായിരുന്നു. തുടർച്ചയായ ബോധവത്കരണത്തിന്റെ ഭാഗമായി ഖരമാലിന്യ നിക്ഷേപം കുറഞ്ഞെങ്കിലും ദ്രവമാലിന്യം വന്നടിയുന്നത് പൂർണമായും തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കനാലിലേക്ക് ദ്രവമാലിന്യങ്ങൾ തുറന്നുവിടുന്നത് ആരെന്ന് കണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ നടപടിയെടുക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം.
മാപ്പിങ്
എന്നാൽ, ഇത്തവണ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കലക്ടർ സ്നേഹിൽകുമാർ സിങ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി മാപ്പിങ് നടത്താൻ കോർപറേഷൻ അധികൃതരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ജില്ല ഭരണകൂടം. കനോലി കനാലിന്റെ ഇരുവശത്തുമുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനം ഉണ്ടോയെന്നും ദ്രവമാലിന്യ ഔട്ട്ലെറ്റുകൾ എവിടേക്കാണ് തുറന്നുവിടുന്നതെന്നും പ്രത്യേകം പരിശോധിക്കും. ഏതെങ്കിലും തരത്തിൽ ജലാശയം മലിനമാക്കുന്ന നടപടി ശ്രദ്ധയിൽപെട്ടാൽ കടുത്ത നടപടികളാണ് നേരിടേണ്ടിവരിക. വൻതുക പിഴയായി ഈടാക്കും. കൂടാതെ ജലാശയങ്ങൾ മലിനമാക്കുന്നതിനെതിരെ 133 വകുപ്പ് (പൊതുശല്യം നീക്കംചെയ്യുന്നതിനുള്ള സോപാധിക ഉത്തരവ്) ചുമത്തി കേസെടുക്കും.
മാപ്പിങ് നടത്തി മുഴുവൻ പട്ടിക ശേഖരിച്ച് എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയാണ് നടത്തുക. തദ്ദേശസ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ല ഭരണകൂടം എന്നിവ സംയുക്തമായാണ് പരിശോധന നടത്തുക. കനാല്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. കനാലിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല കലക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്.
സമീപനം മാറണം
കനോലി കനാൽ വൃത്തിയാകണമെങ്കിൽ ജനങ്ങളുടെ സമീപനം മാറണം. സ്വയം സംസ്കരണത്തിനുള്ള സംവിധാനമൊരുക്കാതെ ദ്രവരൂപത്തിലുള്ള മാലിന്യം ഡ്രെയിനേജ് വഴി തള്ളുന്ന വ്യക്തികളും സ്ഥാപന ഉടമകളുമാണ് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത്. ജലാശയങ്ങൾ കൂടുതൽ പരിശുദ്ധിയോടെ വരുംതലമുറക്ക് കൈമാറാനുള്ള ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് ഓരോരുത്തർക്കും ഓർമയുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.