അന്ത്യശ്വാസം വലിച്ച് കനോലി കനാൽ; പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം
text_fieldsമാലിന്യം നിറഞ്ഞ കനോലി കനാൽ
ഫോട്ടോ; ബിമൽ തമ്പി
കോഴിക്കോട്: നഗരഹൃദയത്തിലൂടെ ഒഴുകുന്ന ചരിത്രവാഹിനിയായ കനോലി കനാലിന്റെ മുഖം മാലിന്യത്താൽ വീണ്ടും വികൃതമാകുന്നു. കോഴിക്കോട് കോർപറേഷൻ, ജില്ല ഭരണകൂടം, ജലസേചന വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ പലതവണ ശുചീകരണത്തിലൂടെ മുഖം മിനുക്കിയെങ്കിലും ശാശ്വത പരിഹാരമോ വികസനമോ നടപ്പാക്കാത്തതിനാൽ മൂന്നു നൂറ്റാണ്ടിനടുത്ത് ആയുസ്സുള്ള കനോലി കനാലിന്റെ ജീവൻ വികൃതമാവുകയാണ്.
വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന 11.4 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിന്റെ ഭൂരിഭാഗങ്ങളിലും മാലിന്യങ്ങളും പായലുകളും നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞതിനാൽ കനോലി കനാലിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു. സ്വകാര്യ ആശുപത്രിയുടേതുൾപ്പെടെയുള്ള പല സ്ഥാപനങ്ങളുടെയും മലിനജല പൈപ്പുകൾ ഇപ്പോഴും കനോലി കനാലിലേക്കാണ് തുറന്നിടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ആദ്യം, കനാലിലേക്ക് മലിനജലം ഒഴുക്കിവിട്ട 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
രണ്ടു വർഷം മുമ്പ് ശുചീകരണ യജ്ഞത്തിനിടെ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത് കനാലിന് പുതുജീവൻ നൽകുമെന്നായിരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകർക്കും ജനങ്ങൾക്കും ഏറെ പ്രതീക്ഷ നൽകിയിരുന്നു. കനാൽ സിറ്റി പദവി ലഭിക്കുന്ന തരത്തിൽ കോഴിക്കോടിനെ വികസിപ്പിക്കുന്നതിന് കിഫ്ബി ധനസഹായത്തോടെ പദ്ധതികൾ ആവിഷ്കരിക്കാൻ മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകാരം നൽകിയതായും വാർത്തയുണ്ടായിരുന്നു. ജലപാത നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1118 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുകയെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി എന്നുവരുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 1848ലാണ് കനാൽ നിർമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.