കനോലി കനാലിന്റെ ജീർണമുഖം
text_fieldsകനോലി കനാലിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ
കോഴിക്കോട്: ‘സിറ്റിയിലാണ് താമസിക്കുന്നത് എന്നു കേൾക്കുമ്പോൾ ആളുകൾ കരുതും എല്ലാ സുഖസൗകര്യവും ഉണ്ടെന്നാ. ഇവിടന്ന് ഒന്ന് വിറ്റുപോയാൽ മതി എന്നായി. കെട്ടമണം ശ്വസിച്ച് തലക്കൊക്കെ കനംവന്ന് തുടങ്ങി. കുട്ടികൾക്കൊന്നും ഭക്ഷണംപോലും കഴിക്കാൻ പറ്റാതായി. എത്ര നല്ല സ്ഥലായിരുന്നു ഇത്. ഈ ആശുപത്രികളിലെ മൂത്രോം മലവും എല്ലാം തുറന്നുവിടുന്നത് ഞങ്ങളുടെ മുറ്റത്തുകൂടെ ഒഴുകുന്ന ഈതിലേക്കല്ലേ? ആരാ ഇത് നോക്കാൻ’-മാലിന്യം നിറഞ്ഞൊഴുകുന്ന കനോലി കനാലിന്റെ ദുർഗന്ധത്തിൽ പെറുതിമുട്ടിയ പുതിയപാലം പടന്ന സ്വദേശിനിയായ ആയിഷയുടെ വാക്കുകളിൽ പ്രതിഷേധമല്ല ജീവനും ജീവിതവും കൈവിടുന്ന വേദനയും അസ്വസ്ഥതയുമാണ് നിഴലിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് നഗരഹൃദയത്തിന്റെ പ്രകൃതിഭംഗിയായി പലരുടെയും മനസ്സിൽ ഒഴുകിയ കനോലി കനാൽ മാലിന്യവാഹിനിയായി. കനാലിന്റെ മുഖം മാലിന്യത്താൽ തീർത്തും വികൃതമായി. കോർപറേഷന്റെയും ജില്ല ഭരണകൂടത്തിന്റെയും ജലസേചന വകുപ്പിന്റെയും പിടിപ്പുകേടുകൊണ്ട് മാത്രമാണ് ഈ ജലസ്രോതസ്സിനെ അറപ്പുളവാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
●മുഖം നോക്കാതെയുള്ള നടപടിയില്ല
വിശാല ജലഗതാഗത മാർഗം എന്ന ഉദ്ദേശ്യത്തോടെ പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കാൻ ഏതാണ്ട് മൂന്നു നൂറ്റാണ്ട് മുമ്പ് നിർമിച്ച കനോലി കനാലിന്റെ ദുര്യോഗത്തിൽ പരിതപിക്കാത്തത് ഈ ചരിത്രവാഹിനിയെ മലിനപ്പെടുത്താൻ ഒത്താശചെയ്യുന്ന ഭരണകൂടവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നവരും മാത്രമാണ്. കോർപറേഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ പലതവണ ശുചീകരണത്തിലൂടെ മുഖം മിനുക്കി കൈയടി നേടി. ശാശ്വത പരിഹാരവും വികസനവും ഉടനുണ്ടാകുമെന്നാണ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് മന്ത്രിമാർ പറഞ്ഞത്.
വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന 11.4 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിന്റെ എരഞ്ഞിക്കൽ ഭാഗത്ത് മാത്രമാണ് അൽപം തെളിനീര് കാണുക. മറ്റെല്ലായിടങ്ങളിലും മാലിന്യച്ചാക്കുകളും പായലുകളും നിറഞ്ഞിരിക്കുകയാണ്. കല്ലായിപ്പുഴയിൽ ചേരുന്ന ഭാഗത്താണ് ഏറ്റവും വൈകൃതം. സദാ ദുർഗന്ധമാണ്. പുതിയപാലം, പടന്ന, തെക്കേ പടന്ന, ചട്ടിപ്പിരാക്കണ്ടി, ചുള്ളിയിൽ ഭാഗത്തുള്ളവർക്ക് ശുദ്ധവായുവെന്നത് മറ്റെവിടെനിന്നുമാത്രം ലഭിക്കുന്നതായി മാറി.
കനോലി കനാൽ കല്ലായിപ്പുഴയിൽ ചേരുന്ന ഭാഗത്ത് രൂപപ്പെട്ട മാലിന്യം നിറഞ്ഞ ചളി
രാത്രിയിലും പുലർച്ചകളിലും ചാക്കുകളിൽ മാലിന്യം എറിയുന്നത് പതിവാകുകയാണ്. ആശുപത്രികൾ ഉൾപ്പെടെ പല സ്ഥാപനങ്ങളുടെയും മാലിന്യപൈപ്പുകൾ കനാലിലേക്കാണ് തുറന്നുവിടുന്നത്. ആശുപത്രികൾക്ക് വലിയ ശുദ്ധീകരണ പ്ലാന്റുകളുണ്ടെന്നും അവർ മലിനജലം ഒഴുക്കുന്നില്ലെന്നുമാണ് കോർപറേഷൻ അധികൃതരുടെ വാദം. എന്നാൽ, ദിവസവും ദുർഗന്ധമുള്ള മലിനജലമാണ് കനോലി കനാലിന്റെ വിവിധഭാഗങ്ങളിൽ എത്തുന്നത്. ഇത് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് തീരവാസികൾ പറയുന്നു.
●എന്തും വലിച്ചെറിയാം
കനോലി കനാലിലേക്ക് എന്തു മാലിന്യവും തള്ളിയാലും നടപടിയില്ലാത്ത അവസ്ഥയാണെന്ന് പടന്ന സ്വദേശിനിയായ ശോഭ പറയുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞതിനാൽ കനോലി കനാലിന്റെ സ്വാഭാവിക ഒഴുക്ക് നിലക്കുകയാണ്. തീരവാസികളായ തങ്ങൾ കനാലിനെ സംരക്ഷിക്കുമ്പോൾ ദൂരദിക്കുകളിൽനിന്നുപോലും വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം എറിയുകയാണ്. കണ്ടലുകൾക്കിടയിൽ നൂറുകണക്കിന് ചെറുതും വലുതുമായ മാലിന്യച്ചാക്കുകൾ തങ്ങിനിൽക്കുകയാണ്. കനാലിൽതന്നെ പ്ലാസ്റ്റിക് കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.
മൂരിയാട് തെക്കേപടന്നയിൽ കണ്ടൽകാടിനുള്ളിലെ മാലിന്യക്കൂമ്പാരം
കഴിഞ്ഞവർഷം ആദ്യം കനാലിലേക്ക് മലിനജലം ഒഴുക്കിവിട്ട 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. പലരും നിർബാധം അത് തുടരുകയാണ്. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രീറ്റ്മെന്റ് സംവിധാനവും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായില്ല.
മലിനീകരണ നിയന്ത്രണബോർഡും സി.ഡബ്ല്യൂ.ആർ.ഡി.എമ്മും മാസത്തിൽ കനാലിലെ വെള്ളം പരിശോധനക്കെടുക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് വിവരം അറിയുന്നില്ലെന്നാണ് ആക്ഷേപം. ജലപാത നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന കനാൽ സിറ്റി പദ്ധതിക്ക് 1118 കോടി രൂപ വകയിരുത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പദ്ധതി എവിടെയും എത്തിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.