ചുരത്തില്‍ തുടര്‍ച്ചയായി അപകടങ്ങർ; ഗതാഗത തടസ്സം രൂക്ഷമായി
text_fieldsപുതുപ്പാടി: ചുരത്തില്‍ തുടര്‍ച്ചയായുള്ള വാഹന അപകടങ്ങളെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായി. ബുധനാഴ്ച വൈകീട്ട് അഞ്ചേമുക്കാല്‍ മുതല്‍ എട്ടേകാല്‍ വരെയുള്ള രണ്ടര മണിക്കൂറിനിടെ നാല് അപകടങ്ങള്‍ ഉണ്ടായി. ഒന്നര മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ആറാം വളവില്‍ ചരക്കുലോറി യന്ത്രത്തകരാറുമൂലം റോഡിനു വിലങ്ങനെ കുടുങ്ങിയതാണ് ആദ്യ സംഭവം. ചുരമിറങ്ങിവരുകയായിരുന്ന ലോറി റോഡിനു നടുവില്‍ നിശ്ചലമായതോടെ ഇരു ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടില്‍ നിന്നും നവജാത ശിശുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കെത്തിക്കാനുള്ള ആംബുലൻസ് കടത്തി വിടാൻ ചുരം സംരക്ഷണസമിതി പ്രവർത്തകർ ഏറെ പണിപ്പെട്ടു.
ലോറി മാറ്റി തടസ്സം നീക്കിയെങ്കിലും വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്ന അവസ്ഥയിലായിരുന്നു. ആറേകാലോടെ ആറാം വളവിനു മുകള്‍ ഭാഗത്തായി ടിപ്പര്‍ യന്ത്രത്തകരാറുമൂലം റോഡില്‍ കുടുങ്ങി വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ഈ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ച് 15 മിനിറ്റിനകം എട്ടാം വളവില്‍ കാർ ഓവുചാലില്‍ വീണ് മൂന്നാമതും ഗതാഗതം തടസ്സപ്പെട്ടു.
വാഗണര്‍ കാര്‍ കുടുങ്ങിയതു മൂലം ഗതാഗത തടസ്സം നീക്കി വാഹനങ്ങള്‍ നീങ്ങിത്തുടങ്ങി ഏറെ വൈകുംമുമ്പ് രാത്രി എട്ടേകാലോടെ ഒന്നാം വളവിന് മുകളിലായി ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഓവു ചാലില്‍ വീണ് നാലാമതും ഗതാഗതക്കുരുക്കായി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും അടിവാരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.