തീരമേഖലയിലെ നിർമാണ ഇളവ്; 22 ഗ്രാമപഞ്ചായത്തുകൾക്ക് ആശ്വാസം
text_fieldsകോഴിക്കോട്: സംസ്ഥാനം സമർപ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയതോടെ ജില്ലയിൽ ഇളവുകൾ ലഭിക്കുന്നത് 22 ഗ്രാമപഞ്ചായത്തുകൾക്ക്. തീരമേഖലകളുള്ള അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകൾക്കാണ് ആശ്വാസം ലഭിക്കുക.
2019ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം തയാറാക്കി സമർപ്പിച്ച പദ്ധതിക്കാണ് ദേശീയ തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റി യോഗം അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം ഒരാഴ്ചക്കുള്ളിൽ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടെ ഗ്രാമപഞ്ചായത്തുകളിലെ തീരമേഖലയിലുള്ള നിർമാണ വിലക്കുകൾ ഒരു പരിധിവരെ നീങ്ങും.
നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്ന സംസ്ഥാനത്തെ 66 ഗ്രാമപഞ്ചായത്തുകളെയാണ് തീരമേഖല സി.ആർ.ഇസെഡ് (കോസ്റ്റൽ റെഗുലേഷൻ സോൺ) മൂന്നിൽനിന്ന് രണ്ടിലേക്ക് മാറ്റിയത്. ഇതിലാണ് ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടത്. നഗര സ്വഭാവത്തിലുള്ള പഞ്ചായത്തുകളാണ് സി.ആർ.ഇസെഡ് രണ്ടിലുള്ളത്. ഫലത്തിൽ നഗര പ്രദേശത്തെ ഇളവുകൾ തരംമാറ്റിയ ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകൾക്കും ലഭിക്കും. ഈ ഗ്രാമപഞ്ചായത്തുകളിലെ തീരമേഖലകളിൽ ‘ലൈഫ്’ പദ്ധതിയിലെ വീടുകൾക്കുപോലും നിർമാണ പെർമിറ്റ് ലഭിക്കാത്തത് വലിയ പ്രതിസന്ധിയായിരുന്നു.
സ്വന്തം സ്ഥലമുണ്ടായിട്ടും വീട് സ്വപ്നം മാത്രമായിരുന്ന തീരമേഖലയിലെ നൂറുകണക്കിനാളുകൾക്കാണ് പുതിയ തീരുമാനം ആശ്വാസമാകുക. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പുഴയോരങ്ങളിൽ റിസോർട്ടുകളും ഹോം സ്റ്റേകളും ടൂറിസം കേന്ദ്രങ്ങളും പണിയുന്നതിനും ഇനി വലിയ തടസ്സങ്ങളുണ്ടാവില്ല. പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകളും ഇതോടെ തെളിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾ ബഫർ സോണിൽപെടില്ലെന്നതും അനുകൂലമാണ്. കായൽ, ലവണാംശം കൂടുതലുള്ള പുഴ എന്നിവയുടെ തീരങ്ങളിലെ നിയന്ത്രണ മേഖല 100ൽനിന്ന് 50 മീറ്ററാക്കിയും കടൽത്തീരങ്ങളിലെ പരിധി 200ൽനിന്ന് 50 മീറ്ററാക്കിയുമാണ് നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.