കോഴിക്കോട്ടെ അമ്മത്തൊട്ടിൽ നിർമാണം അടുത്തമാസം തുടങ്ങും
text_fieldsകോഴിക്കോട്: ജില്ലയിൽ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിനായി ഇ-ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് ഓഫിസർ അബ്ദുൽ ബാരി പറഞ്ഞു. അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിനായി ഒരു വർഷം മുമ്പ് തുക പാസാവുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു.
ഏപ്രിലോടുകൂടി പദ്ധതി ആരംഭിക്കണമെന്നായിരുന്നു ആലോചിച്ചിരുന്നത്. ചില സാങ്കേതിക തടസ്സങ്ങൾമൂലം നീണ്ടുപോയി. എങ്കിലും മേയ് മാസത്തോടെ പദ്ധതി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ശിശുക്ഷേമ വകുപ്പ് ഓഫിസർ അറിയിച്ചു.
ബീച്ച് ജനറൽ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നതിനായി എ. പ്രദീപ് കുമാർ എം.എൽ.എയായിരിക്കുമ്പോഴാണ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക പാസാക്കി ഭരണാനുമതി ലഭ്യമാക്കിയത്. ബീച്ച് ആശുപത്രി മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉൾപ്പെടുത്തിയിരുന്നു. അതുപ്രകാരം 24,11,000 രൂപയുടെ എസ്റ്റിമേറ്റിനും അനുമതി നൽകിയിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ലിമിറ്റഡിനാണ് നിർവഹണ ചുമതല. നിർവഹണ ഉദ്യോഗസ്ഥരുമായി ധാരണപത്രം ഒപ്പിട്ടെന്ന് ശിശുക്ഷേമ ഓഫിസർ അറിയിച്ചു.
കോർപറേഷൻ പരിധിയിൽ വേണമെന്നതുകൊണ്ട് ബീച്ച് ജനറൽ ആശുപത്രിയെ തെരഞ്ഞെടുത്തതാണ്. ബീച്ച് ആശുപത്രിയുടെ തെക്ക് വശത്ത് റെഡ്ക്രോസ് റോഡിൽ ആളില്ലാത്ത ഭാഗത്തായാണ് അമ്മത്തൊട്ടിലിനായി സ്ഥലം കണ്ടെത്തിയത്. അവിടെ റോഡിൽനിന്ന് പ്രവേശിക്കാവുന്ന രീതിയിൽ ഓട്ടോമാറ്റിക് കവാടം നിർമിക്കും.
കുഞ്ഞിനെയുമെടുത്ത് പ്രവേശന കവാടത്തിൽ എത്തുമ്പോൾ തന്നെ വാതിൽ തനിയെ തുറക്കും. ആ ഹാളിൽ ഒരുക്കിയ സംവിധാനത്തിൽ കുഞ്ഞിനെ കിടത്താം. കിടത്തിയാൽ ഉടൻ വാതിലുകൾ അടയുകയും ആശുപത്രിയിലെ നവജാത ശിശു വിഭാഗം ഐ.സി.യുവിൽ സൈറൺ മുഴങ്ങുകയും ചെയ്യും.
ആശുപത്രി ജീവനക്കാർ എത്തുന്നതുവരെ കുഞ്ഞിന് സുരക്ഷിതമായി കഴിയാവുന്ന സംവിധാനങ്ങളെല്ലാം ഹാളിൽ ഒരുക്കും. ജീവനക്കാർക്ക് അമ്മത്തൊട്ടിലിന് പിറകിൽ തയാറാക്കുന്ന കോറിഡോറിലൂടെ കുഞ്ഞിനെ ആശുപത്രിക്ക് ഉള്ളിലെത്തിച്ച് ആവശ്യമായ പരിചരണം നൽകാം. തുടർന്ന് നിയമ നടപടികൾ പൂർത്തീകരിച്ച് ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്യുന്നതാണ് പദ്ധതി.
അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ നായ കടിക്കുകപോലുള്ള സംഭവങ്ങൾ ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഓട്ടോമാറ്റിക് വാതിലുകളുള്ള ഇലക്ട്രോണിക് അമ്മത്തൊട്ടിൽ എന്ന പദ്ധതി വിഭാവനം ചെയ്തത്. സംസ്ഥാനത്ത് വിവിധജില്ലകളിൽ അമ്മത്തൊട്ടിൽ ഉണ്ടെങ്കിലും ഇത്തരത്തിൽ ഓട്ടോമാറ്റിക് സംവിധാനമുള്ള അമ്മത്തൊട്ടിൽ ജില്ലയിൽ മാത്രമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് എ. പ്രദീപ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.