മൂരാട് പാലം നിർമാണം ഭാര പരിശോധനക്ക് നടപടി
text_fieldsവടകര: മൂരാട് പുതിയ പാലത്തിന്റെ തൂണുകൾ ചരിഞ്ഞ സംഭവത്തിൽ ഭാരപരിശോധനക്ക് നടപടികൾ തുടങ്ങി. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി തൂണുകളുടെ മുകൾഭാഗത്തെ കോൺക്രീറ്റിന്റെ ഭാഗങ്ങൾ നീക്കിത്തുടങ്ങി. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാലത്തിന്റെ ഡിസൈൻ മാറ്റം, പൈൽ ക്യാപ്പിന് ശക്തികൂട്ടൽ ഉൾപ്പെടെ പരിഗണിച്ച് കുറ്റമറ്റ രീതിയിൽ നിർമാണവുമായി മുന്നോട്ടുപോകാനാണ് ദേശീയപാത അതോറിറ്റിയുടെ ശ്രമം. തൂണുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന പൈൽക്യാപ് നിർമിക്കാത്തതാണ് പാലത്തിന്റെ തൂണുകൾ ചരിയാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
ദേശീയപാത 66ൽ നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ രണ്ട് തൂണുകൾക്ക് ചരിവുണ്ടെന്ന് നാട്ടുകാരാണ് കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കിൽ പാലത്തിന്റെ തൂണുകൾ ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മൂടിവെക്കാൻ ശ്രമിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.
ഇ ഫൈവ് ഇൻഫ്രാ സ്ട്രക്ചറൽ കമ്പനിക്കാണ് പാലം നിർമാണച്ചുമതല. 210.21 കോടി രൂപയാണ് പാലോളി, മൂരാട് പാലം നിർമാണത്തിനും അനുബന്ധ റോഡുകൾക്കും ഭൂമി ഏറ്റെടുക്കലിനുമായി ചെലവഴിക്കുന്നത്. ദേശീയപാത നിർമാണത്തോടൊപ്പം പാലത്തിന്റെ നിർമാണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെയാണ് തൂണുകൾക്ക് ചരിവ് കണ്ടെത്തിയത്. കാലവർഷവും പുഴയിലെ കുത്തൊഴുക്കും പാലം നിർമാണത്തിന് പലപ്പോഴും തടസ്സം നേരിടാനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.