ദേശീയപാത നിർമാണം തോന്നുംപോലെ: പാലോളിപ്പാലത്ത് തമ്മിൽ ബന്ധമില്ലാതെ മൂന്ന് ഓവുചാലുകൾ
text_fieldsദേശീയപാതയിൽ പാലോളിപ്പാലം മണൽത്താഴ കുളത്തിനോട് ചേർന്ന് തമ്മിൽ ബന്ധമില്ലാതെ മൂന്ന് ഓവുചാലുകൾ
വടകര: ദേശീയപാത നിർമാണത്തിൽ പരാതികളുടെ പ്രളയം പരിഹരിക്കാൻ നടപടിയില്ല. പാലോളി പാലം മണൽത്താഴ കുളത്തിനോട് ചേർന്ന് തമ്മിൽ ബന്ധമില്ലാതെ മൂന്ന് ഓവുചാലുകൾ. നേരത്തേ ഇവിടെ ഒരു ഓവുചാൽ പാതിവരെ നിർമിച്ചിരുന്നു. പിന്നാലെ വീണ്ടും മറ്റൊന്ന് നിർമിക്കുകയുണ്ടായി.
ഇവ രണ്ടും തമ്മിൽ ബന്ധമില്ലാതായതോടെ മൂന്നാമതായി മറ്റൊന്നുകൂടി നിർമിക്കുകയായിരുന്നു. ഒരു ഓവുചാൽ മണ്ണിട്ട് മൂടാനാണ് പദ്ധതി. മണ്ണിട്ട് മൂടിയാലും തമ്മിൽ ബന്ധമുണ്ടാവില്ല. ഇതരസംസ്ഥാന തൊഴിലാളികൾ യാതൊരു മേൽനോട്ടവുമില്ലാതെയാണ് ഈ ഭാഗങ്ങളിൽ പ്രവൃത്തി നടത്തുന്നത്. പാലോളി പാലത്ത് മണൽ താഴെ കുളത്തിനരികിൽ രണ്ടുവർഷം മുമ്പ് പാതി വഴിയിലാക്കിയാണ് ഇപ്പോൾ കുഴിച്ചുമൂടുന്നത്.
ഓവുചാലുകൾ നിർമിക്കുമ്പോൾ ആസൂത്രണമില്ലാത്തതിനാൽ ദേശീയപാതയോരം ഇടിയുന്നതും കുടിവെള്ള പൈപ്പുകൾ തകരുന്നതും പതിവാണ്. ജലഅതോറിറ്റിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഇതുവഴി ഉണ്ടാവുന്നത്. പ്രതിഷേധം ഉയരുന്നതിനാൽ പൊട്ടിയ പൈപ്പുകൾ ജലഅതോറിറ്റി പെട്ടെന്ന് അറ്റകുറ്റപ്പണി ചെയ്യുമ്പോൾ കരാർ കമ്പനി തോന്നിയതുപോലെ പ്രവൃത്തിയുമായി മുന്നോട്ട് പോകുകയാണ്.
വടകര പുതിയ സ്റ്റാൻഡ് മുതൽ അടക്കാതെരുവ് വരെയുള്ള ഭാഗങ്ങളിൽ നിർമാണം പൂർത്തിയായ ഡ്രൈനേജുകൾ ഗുണനിലവാരമില്ലാത്തതിനാൽ പലയിടങ്ങളിലും തകർന്ന് കിടക്കുകയാണ്. തകർന്ന് കിടക്കുന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കാൻ നടപടികൾ ഉണ്ടാവാത്തതിനാൽ അപകടം ക്ഷണിച്ച് വരുത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.