മലിനജല സംസ്കരണ പ്ലാന്റ് നിർമാണം: പ്രതിഷേധമണയാതെ കോതി; വള്ളങ്ങൾ നിരത്തി റോഡ് ഉപരോധിച്ചു
text_fieldsകോഴിക്കോട്: കോതിയിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിനെതിരായ സമരം ശക്തമായി തുടരുന്നു. പ്ലാന്റ് നിർമിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് തിങ്കളാഴ്ച പ്രദേശവാസികൾ പൂർണമായും ഉപരോധിച്ചു. വലിയ വള്ളങ്ങൾ കുറുകെയിട്ടാണ് പള്ളിക്കണ്ടി -അഴീക്കൽ റോഡ് നൂറിലേറെ വരുന്ന സമരക്കാർ തടസ്സപ്പെടുത്തിയത്.
പ്ലാന്റ് നിർമിക്കുന്ന സ്ഥലത്തിന് ചുറ്റുമതിൽ കെട്ടൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള സമരം സംഘർഷത്തിൽ കലാശിക്കുകയും പൊലീസുകാർക്കും സമരക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച പ്രവൃത്തി പുനരാരംഭിക്കുമെന്നത് മുൻനിർത്തിയാണ് പുലർച്ച ആറോടെ മത്സ്യത്തൊഴിലാളികളും സ്ത്രീകളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ റോഡ് ഉപരോധിക്കാനെത്തിയത്. പൊലീസ് എത്തുമ്പോഴേക്കും വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മാത്രമല്ല റോഡിലെ കലുങ്കിന്റെ സ്ലാബുകൾ ഇവർ നീക്കിയതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
ഈ ഭാഗത്തുള്ള വീട്ടുകാരുടെ സമ്മതപ്രകാരമാണ് റോഡിലെ സ്ലാബുകൾ നീക്കിയതെന്ന് സമരസമിതി അറിയിച്ചു. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറോളം പൊലീസുകാരാണ് രാവിലെ മുതൽ ഇവിടെ നിലയുറപ്പിച്ചതെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. റോഡ് ഉപരോധിച്ചു എന്നതൊഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു സമരം. പൊലീസും ബലപ്രയോഗത്തിന് മുതിർന്നില്ല. റോഡ് ഉപരോധിച്ചതോടെ നിർമാണവും നടന്നില്ല.
അഴീക്കൽ റോഡിൽ പ്രതിഷേധക്കാർ സമരപ്പന്തലും നിർമിച്ചു. മലിനജല സംസ്കരണ പ്ലാന്റിനെതിരെ ആവിക്കൽ തോടിൽ നിർമിച്ച സമരപ്പന്തൽ കഴിഞ്ഞ ദിവസം അധികൃതർ പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് ഇവിടെ സമരപ്പന്തൽ ഉയർന്നത്. പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമായതോടെ വിവിധ ഭാഗങ്ങളിലെ സാമൂഹിക, പരിസ്ഥിതി പ്രവർത്തകരടക്കം ഇങ്ങോട്ടെത്തുന്നുണ്ട്.
ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗത്തിൽ തീരദേശ വനിത ഫെഡറേഷന്‍ പ്രസിഡന്‍റ് മാഗ്ലിന്‍ ഫിലോമിന, കെ -റെയിൽ സമരസമിതി നേതാവ് ടി.ടി. ഇസ്മായിൽ, എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയ, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, കൗൺസിലർമാരായ അൽഫോൺസ മാത്യു, സൗഫിയ അനീഷ്, നേതാക്കളായ എസ്.വി. അർഷുൽ അഹമ്മദ്, എ. സഫറി, എൻ.വി. റിനീഷ് തുടങ്ങിയവർ സംസാരിച്ചു. കോർപറേഷനിലെ യു.ഡി.എഫ് കൗൺസിലർമാർ സമരത്തിന് പിന്തുണയുമായി സ്ഥലത്തെത്തി.
'കോർപറേഷൻ പിന്മാറണം'
കോഴിക്കോട്: ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് കോർപറേഷൻ പിന്മാറണമെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.