വടകര-മാഹി ജലപാത നിർമാണം; 500ഓളം പേർക്ക് നഷ്ടപരിഹാരം നൽകും
text_fieldsവടകര: വിനോദ സഞ്ചാര മേഖലയിലെ കുതിപ്പിന് വഴിവെക്കുന്ന വടകര മാഹി ജലപാത പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി.
ജലപാതയുടെ ഭാഗമായി വലിയ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പൂർത്തീകരിക്കുന്നത്. 500ഓളം പേർക്ക് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നഷ്ടപരിഹാരം നൽകും. 25 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്.
മാഹി കനാലിന്റെ അഞ്ചാം റീച്ചിൽ ഉൾപ്പെട്ട കളിയാംവെള്ളിയിൽ 18 കോടി രൂപയും മൂഴിക്കൽ ഭാഗത്ത് 16.5 കോടി രൂപയുടെയും നഷ്ടപരിഹാര തുകയാണ് നൽകുന്നത്. കുറ്റ്യാടി മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാൽ നിർമാണം അഞ്ച് റീച്ചുകളിലായാണ് നിർമിക്കുന്നത്. വേനൽ കനത്തതോടെ നിർമാണ പ്രവൃത്തി ദ്രുതഗതിയിലായി. മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജിന്റെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തിയായി.
അപ്രോച്ച് റോഡ്, ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള പ്രതിരോധ സംവിധാനമായ നാവിഗേഷൻ ലോക്കും പൂർത്തീകരിക്കേണ്ടതുണ്ട്. അഞ്ചാം റീച്ചായ കളിയാംവെള്ളി മുതൽ തുരുത്തിവരെയുള്ള 3.48 കിലോമീറ്റർ ഭാഗത്തെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് തടയണ കെട്ടി കനാലിന്റെ ആഴം കൂട്ടലും ഇരു ഭാഗങ്ങളും കെട്ടി സംരക്ഷിക്കുന്നതുൾപെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
നേരത്തെ കരാറെടുത്ത കമ്പനി പ്രവൃത്തി ഉപേക്ഷിച്ചതോടെ പുതിയ കമ്പനി പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.
വേങ്ങോളി, തുരുത്തി പാലങ്ങളുടെ പ്രവൃത്തിയും പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. 2025നകം വടകര-മാഹി കനാലിനെ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.