പണി തുടങ്ങിയിട്ട് ഒമ്പതു കൊല്ലം, പാതിവഴിയിൽ പാർക്കിങ് പ്ലാസ
text_fieldsകോഴിക്കോട്: ഗതാഗതക്കുരുക്കഴിക്കാൻ മാനാഞ്ചിറക്കും സ്റ്റേഡിയത്തിനുമടുത്ത് പാർക്കിങ് പ്ലാസ പണിയാൻ കോർപറേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ നഗരത്തിലെ ആദ്യ പാർക്കിങ് പ്ലാസയുടെ പണി നിലച്ചു. പണി നിന്നിട്ട് വർഷങ്ങളായെങ്കിലും ഇനിയെന്തെന്ന കാര്യത്തിൽ നിശ്ചയമില്ലാത്ത അവസ്ഥയിലാണ് അധികൃതർ. ഏറ്റവുമൊടുവിൽ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാത്തതിന് കരാറുകാർക്ക് പിഴയിട്ടിരിക്കുകയാണ് കോർപറേഷനിപ്പോൾ.
ബി.ഒ.ടി അടിസ്ഥാനത്തിൽ പത്തുനില പാർക്കിങ് സമുച്ചയം പണിയാണ് അനിശ്ചിതമായി നീളുന്നത്. സ്വന്തമായി പാർക്കിങ് നയരേഖയുള്ള സംസ്ഥാനത്തെ ആദ്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ ആദ്യ പാർക്കിങ് പ്ലാസയാണ് പാതിവഴിയിൽ. നഗരസഭയുടെ കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിച്ചിരുന്ന 24 സെൻറ് സ്ഥലത്താണ് പാർക്കിങ് പ്ലാസ നിർമാണം. 2008ൽ കോർപറേഷൻ കൗൺസിൽ അംഗീകാരം നല്കി 2015ല്‍ പണി തുടങ്ങിയ പ്ലാസ 2019 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ഗ്രൗണ്ട് ഫ്ലോറടക്കം അഞ്ചുനിലകളുടെ നിർമാണം പൂർത്തിയായെങ്കിലും ഇതിന് മുകളിൽ കാറുകൾ നിർത്താനുള്ള ഇരുമ്പിൽ തീർത്ത 10 നിലകളുടെ പണിയാണ് നിന്നുപോയത്.
കരാറുകാർ പണി പൂർത്തിയാക്കാത്തതാണ് പ്രശ്നം. തിരുവനന്തപുരം കൊച്ചുവേളിയിൽ ഒന്നിച്ചുകൂട്ടിച്ചേർത്ത ശേഷം അവിടെനിന്ന് അഴിച്ചെടുത്ത് വിവിധ ഭാഗങ്ങൾ ലിങ്ക് റോഡിലെത്തിച്ച് വീണ്ടും ഒന്നിപ്പിക്കാനാണ് പദ്ധതി. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും പൂർത്തിയാക്കാനായില്ല. 90 കാറുകൾ നിർത്താൻ സൗകര്യമുള്ള ഇരുമ്പ് കൊണ്ടുള്ള 10 നിലകൾ തിരുവനന്തപുരത്ത് തയാറായതായി കരാറുകാർ പറഞ്ഞിരുന്നു. ഇവ കോഴിക്കോട്ടെത്തിച്ച് നിർമാണം തീർന്ന നാല് കോൺക്രീറ്റ് നിലകൾക്ക് നടുവിൽ സ്ഥാപിക്കുന്ന ജോലിയാണ് നടക്കേണ്ടത്.
‘ഓട്ടോമാറ്റഡ് മൾട്ടി ലെവൽ മോഡുലർ കാർ പാർക്കിങ്’ എന്ന നവീന സാങ്കേതിക വിദ്യയാണിത്. തിരുവനന്തപുരം ടെക്നോ പാർക്കിൽ ഇത് പരീക്ഷിച്ച് വിജയമെന്ന് തെളിഞ്ഞതായി കരാറുകാർ അവകാശപ്പെട്ടിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽനിന്ന് വാഹനം ലിഫ്റ്റിലെന്നപോലെ പൊക്കിയെടുത്ത് മുകൾ നിലയിൽ അടുക്കിവെക്കുന്നതാണ് രീതി. 15 മീറ്ററോളം വ്യാസമുള്ള സ്ഥലത്ത് 10 നിലകളിലായി 90 കാറുകൾ അടുക്കിവെക്കാനാവുമെന്നായിരുന്നു അന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.