വിലക്കയറ്റത്തിൽ ആടിയുലഞ്ഞ് നിർമാണ മേഖല
text_fieldsകോഴിക്കോട്: അനിയന്ത്രിത വിലക്കയറ്റത്തിൽ ആടിയുലഞ്ഞ് നിർമാണ മേഖല. എല്ലാ നിർമാണവസ്തുക്കൾക്കും ലക്കും ലഗാനുമില്ലാത്ത വിലക്കയറ്റമാണ് കോവിഡ് നിയന്ത്രണം നീങ്ങിയശേഷം അനുഭവപ്പെടുന്നത്.
നിർമാണം തകൃതിയായി നടക്കേണ്ട ഘട്ടത്തിൽ പദ്ധതികൾ പാതിവഴിയിൽ നിൽക്കുന്ന അവസ്ഥയാണ്. വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കടുത്ത പ്രയാസം നേരിടുകയാണ് സാധാരണക്കാർ. മഴ വരുംമുമ്പെ നിർമാണം പൂർത്തിയാക്കാൻ ഒരുങ്ങിയവർക്ക് പണി പാതി വഴിയിൽ അവസാനിപ്പിക്കേണ്ട ഗതികേട്. നിർമാണ സാമഗ്രികൾക്ക് 30 മുതൽ 50 ശതമാനം വരെയാണ് വിലക്കയറ്റം. വൻകിട പദ്ധതികൾ ഏറ്റെടുത്ത് കുടുങ്ങിയിരിക്കയാണ് കരാറുകാർ. നിർമാണം തുടങ്ങുംമുമ്പ് ഉണ്ടാക്കിയ കരാർപ്രകാരം പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ ജോലിയില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. ഇവിടെയുള്ളവരിൽ നല്ലൊരു വിഭാഗത്തിനും ജോലിയില്ല.
കമ്പിവിലയാണ് പിടിത്തംവിട്ട് മുന്നോട്ടുകുതിക്കുന്നത്. 60 രൂപയുണ്ടായിരുന്ന സ്റ്റീൽ കമ്പി നല്ല ബ്രാൻഡിന് 95 രൂപ വരെ എത്തി. ചെങ്കല്ലിന് 50 രൂപക്കു മുകളിലാണ് വില. എംസാൻഡ് വിലയും കൂടി. സിമന്‍റ് വില കഴിഞ്ഞ മാസങ്ങളിൽ ചെറിയ തോതിൽ താഴ്ന്നെങ്കിലും നല്ല ബ്രാൻഡുകൾക്ക് ചാക്കിന് 400ന് മുകളിലാണ് വില. ഇലക്ട്രിക്കൽ സാനിറ്ററി ഇനങ്ങൾക്ക് യാതൊരു മനദണ്ഡവുമില്ലാതെയാണ് വിലകയറുന്നത്. 30 മുതൽ 50 ശതമാനം വിലക്കയറ്റം ഈയിനങ്ങൾക്കുണ്ടായി. പെയിന്‍റ് വിലയും കണക്കുകൂട്ടലുകൾ തെറ്റിച്ച് കുതിക്കുകയാണ്. മൂന്നു മുതൽ അഞ്ചു ശതമാനം വരെ വില പെയിന്‍റുകൾക്ക് വർധിച്ചു.
ഡീസൽ വിലവർധന നിർമാണമേഖലയിൽ ചെലവ് കൂട്ടുന്നുണ്ട്. ബസ് ചാർജ് ഉൾപ്പെടെ വർധിച്ച സാഹചര്യത്തിൽ തൊഴിലാളികളുടെ കൂലിയും കൂട്ടേണ്ടിവരുമെന്ന് നിർമാണ കരാർമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സർക്കാർ അടിയന്തരമായി ഇടപെടണം
നിർമാണസാമഗ്രികളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്നതിനാൽ ഒരുനിലക്കും പിടിച്ചുനിൽക്കാനാവുന്നില്ല. നിർമാണമേഖല സജീവമായാലേ നാട്ടിൽ സാമ്പത്തിക ഉണർവുണ്ടാവൂ. കോവിഡ് കാലത്ത് നാട് നിശ്ചലമായശേഷം ചെറിയ രീതിയിൽ ഉണർന്നു വരുകയായിരുന്നു. പദ്ധതികളെല്ലാം നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തൊഴിലില്ലായ്മയിലേക്കും വ്യാപാരമാന്ദ്യത്തിലേക്കുമാണ് വീണ്ടും നാട് നീങ്ങുന്നത്.
എൻ. അജിത് കുമാർ,
ജില്ല സെക്രട്ടറി (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.