നന്മണ്ട 13 ജങ്ഷനിൽ അപകടം തുടർക്കഥ; പരിഹാരം തേടി യാത്രക്കാർ
text_fieldsനന്മണ്ട: 13ലെ ജങ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. നന്മണ്ട -ചീക്കിലോട് റോഡും നരിക്കുനി റോഡും കോഴിക്കോട് റോഡും സംഗമിക്കുന്ന 13 ജങ്ഷൻ കാൽനടക്കാർക്ക് മാത്രമല്ല വാഹനങ്ങൾക്കും ഭീഷണിയുയർത്തുന്നു. വെള്ളിയാഴ്ച രാവിലെ ബൈക്ക് യാത്രികൻ അപകടത്തിൽപെടുകയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
റോഡിൽ വീണ സമയത്ത് വാഹനങ്ങളൊന്നും വരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഈ വർഷം ആഗസ്റ്റ് വരെ ഒരു ഡസനിലേറെ അപകടങ്ങൾ ഇവിടെയുണ്ടായി. ബാലുശ്ശേരി റോഡിൽ നന്മണ്ട ജങ്ഷനിലോ തൊട്ടടുത്ത സ്കൂളിനുമുന്നിലോ സീബ്രാലൈനില്ല. ജില്ലയിലെ മേജർ റോഡായ ഈ റൂട്ടിൽ വാഹനങ്ങളുടെ ബാഹുല്യവും യാത്രക്കാരുടെ ബാഹുല്യവുമേറെയാണ്.
എന്നാൽ, യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ജീവൻ പണയംവെച്ച് വേണം ചീക്കിലോട് റോഡിലേക്കായാലും നരിക്കുനി റോഡിലേക്കായാലും യാത്രക്കാർക്ക് റോഡുമുറിച്ചുകടക്കാൻ.
നന്മണ്ട 13ലെ ജങ്ഷനിലെ അപകടം കുറക്കാൻ വരമ്പോ സീബ്രാലൈനോ സ്ഥാപിക്കണമെന്ന് വയോജന സംഘടനയുടെയും പെൻഷനേഴ്‌സ് യൂനിയന്റെയും പ്രമേയം അധികൃതർക്ക് സമർപ്പിച്ചിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് സംഘടന ഭാരവാഹികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.