തുടർച്ചയായി പണിമുടക്കുന്ന എക്സ്റേ, തുറക്കാത്ത സി.ടി സ്കാൻ
text_fieldsകോഴിക്കോട്: തുടർച്ചയായി പണിമുടക്കുന്ന എക്സ്റേ യൂനിറ്റും തുറക്കാത്ത സി.ടി സ്കാനും മെഡിക്കൽ മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെയും ബന്ധുക്കളെയും വട്ടംകറക്കുന്നു. അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂനിറ്റ് വെള്ളിയാഴ്ച വൈകീട്ടോടെ വീണ്ടും പ്രവർത്തനരഹിതമായി. ഉദ്ഘാടനം കഴിഞ്ഞ് ഒമ്പതു മാസം പിന്നിടുമ്പോൾ ഇത് അഞ്ചാം തവണയാണ് എക്സ്റേ യൂനിറ്റ് പണിമുടക്കുന്നത്.
ഡൽഹിയിൽനിന്ന് സാങ്കേതിക വിദഗ്ധരെത്തി ഇതിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇനി ദിവസങ്ങളെടുക്കും. ഇതുകാരണം അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന രോഗികളെയും മറ്റ് അത്യാഹിതങ്ങളിൽപ്പെടുന്നവരെയും 300 മീറ്റർ അകലെ മെഡിക്കൽ കോളജ് ജനറൽ ആശുപത്രി ബ്ലോക്കിൽ എത്തിച്ചാണ് എക്സ്റേ എടുക്കുന്നത്. ഇത് രോഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഇത്രദൂരം കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് രോഗികളുടെ പ്രയാസം ഇരട്ടിപ്പിക്കും. കൈകാലുകൾക്ക് പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി, നേരത്തെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം.
പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എക്സ്റേ മെഷീൻ പ്രവർത്തനം നിലച്ചിരുന്നു. എക്സ്റേ മെഷീൻ നിരന്തരം പണിമുടക്കുന്നത് ഏറെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നിലവാരം കുറഞ്ഞ എക്സ്റേ മെഷീനാണ് പുതിയ കാഷ്വാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ചതെന്നാണ് ആരോപണം. സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ ഇതുവരെ സി.ടി സ്കാൻ യൂനിറ്റ് തുറന്നിട്ടുമില്ല. പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ എത്തി വേണം ഗുരുതര പരിക്കേറ്റ് എത്തുന്ന രോഗികൾക്ക് സി.ടി സ്കാൻ എടുക്കാൻ. ഇത് അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കുവരെ ചികിത്സ വൈകാൻ ഇടയാക്കുന്നു. സി.ടി സ്കാൻ യൂനിറ്റ് നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്നും നിയമ നടപടി ക്രമങ്ങൾ പൂർത്തിയായാൽ തുറന്നു കൊടുക്കാൻ കഴിയുമെന്നും ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.