'നിയന്ത്രിച്ചോളൂ; പിടിച്ചുകെട്ടരുത്'
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സർവമേഖലയും നിയന്ത്രണങ്ങളോടെ തുറന്നിടണമെന്ന വികാരം ശക്തം. 36 ദിവസമായി ജീവിതം വീടകങ്ങളിൽ അടച്ചുപൂട്ടിയത് കാരണം സംജാതമായ ദുരിതം വിവരണാതീതമാണ്. ഭക്ഷ്യ, വൈദ്യമേഖല ഒഴിച്ച് സർവരംഗവും ഗുരുതര പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. സാമ്പത്തികവും മാനസികവുമായി തകർന്ന പലരും ആത്മഹത്യയുടെ വക്കിലാണ്. പലരെയും വിഷാദരോഗം വേട്ടയാടിത്തുടങ്ങി. ഗുരുതര പ്രതിസന്ധിയാണ് ലോക്ഡൗൺ മൂലമുണ്ടായതെന്ന് വ്യക്തമായിട്ടും ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് നിഴലിക്കുന്നത്. എല്ലാവർക്കും ഒറ്റവാക്കിൽ ആവശ്യപ്പെടാനുള്ളത് നിയന്ത്രിച്ചോളൂ പക്ഷേ, പിടിച്ചുകെട്ടരുതെന്നാണ്.
കോവിഡ് രണ്ടാം തരംഗം കൂടിയപ്പോൾ മേയ് എട്ടു മുതലാണ് സർക്കാർ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് ഇത് മേയ് 23വരെ നീട്ടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തി. മരണസംഖ്യ ഉയർന്നത് ചൂണ്ടിക്കാട്ടി ലോക്ഡൗൺ മേയ് 30വരെ ദീർഘിപ്പിച്ചു. അപ്പോഴേക്കും സാധാരണക്കാരുടെ നടുവൊടിഞ്ഞിരുന്നു. ജൂൺ ഒന്നോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുറക്കുമെന്ന പ്രതീക്ഷയും അസ് ഥാനത്താക്കി ജൂൺ ഒമ്പതുവരെയും തുടർന്ന് 16വരെയും നീട്ടിയപ്പോഴേക്കും പലരും തകർന്നുപോയി. ലോക്ഡൗൺ കാര്യത്തിൽ ഇനി തീരുമാനമെടുക്കുന്നത് ഈ യാഥാർഥ്യം മുൻനിർത്തിയാകണമെന്നാണ് ആവശ്യം.
അധികം താമസിയാതെതന്നെ സാഹചര്യം സാധാരണനിലയിലാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനം ലോക്ഡൗണുമായി സഹകരിച്ചത്. അതേസമയം, കൂട്ടിലടക്കപ്പെട്ട സർവമേഖലയിലുള്ളവരുടെയും ദുരിതം നാൾക്കുനാൾ വർധിച്ചു. പലരും മരുന്ന് വാങ്ങാൻപോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. സർക്കാൻ നൽകുന്ന ഭക്ഷ്യക്കിറ്റുകൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോകില്ലെന്ന് അവർ പറയുന്നു. കോഴിക്കോട്ടെ ഓട്ടോ തൊഴിലാളിയായ പ്രസാദിെൻറ വീട്ടിൽ ഭാര്യയും മൂന്നു കുട്ടികളും പ്രായമായ അച്ഛനും അമ്മയുമുണ്ട്. മാതാപിതാക്കൾ രണ്ടുപേരും രോഗികളാണ്. മാസം മരുന്നിനുതന്നെ വേണം നല്ലൊരു തുക. ഭവനവായ്പ തിരിച്ചടവ്, ഓൺലൈനിൽ പഠനം നടത്തുന്ന മക്കൾക്ക് നെറ്റ് ഉൾപ്പെടെ ഫോൺ സൗകര്യം തുടങ്ങി അനിവാര്യമായ ചെലവുകൾ ഒപ്പിക്കാനാകാതെ നട്ടംതിരിയുകയാണ് പ്രസാദ്.
എസ്.എം സ്ട്രീറ്റിലെ വ്യാപാരിയാണ് ജബ്ബാർ. നല്ലനാളിൽ വാങ്ങിയ കാറും മറ്റ് ആഡംബര വസ്തുക്കളുമെല്ലാം വീട്ടിലുണ്ട്. പക്ഷേ, കൈയിൽ നയാപൈസയില്ല. നല്ലൊരുസംഖ്യ മാസവാടക കണ്ടെത്തണം. ഇതിന് പുറമെ, കടയിൽ സൂക്ഷിച്ച പല സാധനങ്ങളും കേടുവന്ന നഷ്ടവും സഹിക്കണം. ഇനി കട തുറന്നാൽപോലും കരകയറാൻ മാസങ്ങളെടുക്കുമെന്നാണ് ജബ്ബാറിെൻറ പക്ഷം.
30 വർഷമായി ബസ് തൊഴിലാളിയായ ചന്ദ്രന് മറ്റൊരു ജോലിയും അറിയില്ല. ബിരുദക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയടക്കമുള്ള കുടുംബത്തിെൻറ ഭാവി ഓർത്ത് ഒറ്റക്കിരുന്ന് കരയാറുണ്ടെന്ന് ചന്ദ്രൻ പറഞ്ഞു. ഇളവുകൾ നൽകിയാൽ പേരാ, ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നൽകണമെന്നാണ് ചന്ദ്രന് ആവശ്യപ്പെടാനുള്ളത്. നിർമാണ മേഖലയിലുള്ള തൊഴിലാളികളുടെ കാര്യവും ദയനീയമാണ്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നടത്തിപ്പുകാരും ജീവനക്കാരും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നു.
''സർക്കാറിന് വിദഗ്ധോപദേശം നൽകുന്നവർ കോവിഡ് മാത്രം മുന്നിൽ കണ്ടാൽ മതിയോ? ജീവിതം കരകയറ്റാനുള്ള എന്ത് മാർഗമാണ് അവർക്ക് നിർദേശിക്കാനുള്ളത്? നിയമസഭവരെ സമ്മേളിക്കാം. പക്ഷേ, സാധാരണക്കാർ പുറത്തിറങ്ങരുത്. ഇതെന്ത് ജനാധിപത്യമാണ്? ഇവിടെ സർക്കാർജീവനക്കാർക്ക് മാത്രം മതിയോ ജീവിതം?'' -സർവമേഖലയിലുള്ളവരും ചോദിക്കുന്നത് ഒരേ ചോദ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.