മലിനജല പ്ലാന്റ് നഷ്ടപ്പെട്ടതിൽ തർക്കം
text_fieldsകോഴിക്കോട്: സരോവരത്ത് ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ 36 കോടിയുടെ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാനുള്ള പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റിയതിനെച്ചൊല്ലി മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം. യു.ഡി.എഫ് നേതാവ് കെ.സി. ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്.
നഗരത്തിന് കിട്ടേണ്ട പദ്ധതി നഷ്ടപ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ നഗരത്തിൽ നടപ്പാക്കേണ്ട മലിനജല സംസ്കരണ പ്ലാന്റുകൾ സമരം ചെയ്ത് ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങിയ യു.ഡി.എഫ് വിഷയം അവതരിപ്പിക്കുന്നതിൽ ആത്മാർഥതയില്ലെന്ന് ഭരണപക്ഷം നിലപാടെടുത്തു. എം. ബിജുലാൽ, സി.എം. ജംഷീർ, എം.പി. ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇക്കാര്യം ചർച്ചയാക്കാൻ ശ്രമിച്ച ഭരണകക്ഷിയംഗങ്ങളെ മേയർ പ്രോത്സാഹിപ്പിക്കാത്തത് അവരെ ചൊടിപ്പിച്ചു. മേയർ പ്രതിപക്ഷത്തിന് അനാവശ്യമായി അവസരങ്ങൾ കൊടുക്കുന്നതായി പരാതിയുയർന്നു.
കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് മറുപടിയുമായി എഴുന്നേറ്റതോടെ തർക്കവും മുദ്രാവാക്യവുമുയർന്നു. യു.ഡി.എഫ്-എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ ഏറെ നേരം നീണ്ട വാക്കേറ്റത്തിനൊടുവിലാണ് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന് ശ്രദ്ധക്ഷണിക്കലിന് മറുപടി പറയാനായത്. സ്വകാര്യ കമ്പനി തിരുവനന്തപുരത്ത് അവരുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കാൻ തീരുമാനിച്ച പ്ലാന്റ് സാങ്കേതിക അനുമതി കിട്ടാതായപ്പോൾ കോഴിക്കോട്ടേക്ക് മാറ്റാൻ തദ്ദേശ മന്ത്രി താൽപര്യമെടുത്തെങ്കിലും തിരുവനന്തപുരത്തുതന്നെ അനുമതി ലഭ്യമായതോടെ അങ്ങോട്ട് മാറ്റുകയായിരുന്നുവെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു. പാളയം പച്ചക്കറി മാർക്കറ്റ് മാറ്റിസ്ഥാപിക്കാനുള്ള കല്ലുത്താൻ കടവ് മാർക്കറ്റ് തറക്കല്ലിടലിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഇപ്പോൾ പാളയത്ത് മാർക്കറ്റ് മാറ്റത്തിനെതിരെ നിരാഹാരം കിടക്കുന്നവർക്ക് ഇക്കാര്യത്തിൽ ആത്മാർഥതയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അജിത് കുമാറിനെതിരെ
അടിയന്തര പ്രമേയത്തിന്
അനുമതിയില്ല
പി.വി. അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ വെളിച്ചത്തിൽ എ.ഡി.ജി.പി അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.കെ. അബൂബക്കർ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചതും പ്രതിഷേധത്തിനിടയാക്കി. യു.ഡി.എഫ് പ്രതിഷേധം വകവെക്കാതെ മേയർ ശ്രദ്ധക്ഷണിക്കൽ വേളയിലേക്ക് കടക്കുകയായിരുന്നു.
പാർക്കിങ് പ്രശ്നം:
പരാതികൾ തുടരുന്നു
നാഷനൽ പെർമിറ്റ് ലോറികൾക്ക് നഗരത്തിൽ പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്.
സൗകര്യമില്ലാത്തതിൽ നാഷനൽ പെർമിറ്റ് ലോറികളടക്കം റോഡരികിൽ നിർത്തുന്ന സാഹചര്യമാണ്. ഇത് നാട്ടുകാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന കൗൺസിലർ കെ. പ്രസന്നയുടെ ശ്രദ്ധക്ഷണിക്കലിലാണ് മേയറുടെ മറുപടി. കോർപറേഷൻ അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പൊലീസ് കേസെടുക്കുന്നതായി എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിച്ചു. പാവമണി റോഡിലാണ് കോർപറേഷൻ പാർക്കിങ്ങിനായി മാർക്ക് ചെയ്ത സ്ഥലങ്ങളിൽ പൊലീസ് നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചത്.
സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. അതേസമയം, കോർപറേഷന്റെ മുതലക്കുളം പാർക്കിങ് സ്ഥലം സ്വകാര്യ ഏജൻസികൾ മുതലെടുക്കുന്നതായി കൗൺസിലർ എൻ.സി. മോയിൻ കുട്ടി ചൂണ്ടിക്കാട്ടി. നഗരത്തിൽ ഒട്ടേറെ പരിപാടി നടക്കുന്നതും സാസ്കാരിക മുഖവുമായ ടൗൺ ഹാളിന്റെ നവീകരണം നീട്ടിക്കൊണ്ടുപോകരുതെന്നും ഉടൻ പൂർത്തീകരിക്കണമെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു.
ചായ സൽക്കാരത്തിന്
1.95 ലക്ഷം
കോർപറേഷൻ മേയ്, ജൂൺ മാസങ്ങളിൽ വിവിധ യോഗങ്ങളിൽ റിഫ്രഷ്മെന്റ് ഇനത്തിൽ ചെലവായ 1.95 ലക്ഷം രൂപ നൽകാൻ കൗൺസിൽ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.