നാദാപുരം ഗവ. കോളജ് കെട്ടിടത്തെച്ചൊല്ലി വിവാദം; യു.ഡി.എഫും എം.എൽ.എയും കൊമ്പുകോർക്കുന്നു
text_fieldsനാദാപുരം: യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തറക്കല്ലിട്ട നാദാപുരം ഗവ. കോളജ് കെട്ടിടം വൈകുന്നതിനെച്ചൊല്ലി യു.ഡി.എഫും എം.എൽ.എയും കൊമ്പുകോർക്കുന്നു. തെരുവൻപറമ്പിൽ നിർമിക്കുന്ന കെട്ടിടത്തിെൻറ പ്രവൃത്തി പൂർത്തിയാക്കാതെ ഇടതു സർക്കാറും സ്ഥലം എം.എൽ.എയും പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു. മൂന്നുമാസം മുമ്പ് കോളജിൽ അവലോകന യോഗം ചേർന്ന് ഈ അധ്യയന വർഷം തന്നെ കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നു പറഞ്ഞ ഇ.കെ. വിജയൻ എം.എൽ.എ ഇപ്പോൾ മൗനം അവലംബിക്കുകയാണെന്നും പ്രവീൺകുമാർ പറഞ്ഞു.
യു.ഡി.എഫ് സർക്കാർ അനുവദിച്ച കോളജ് ഈ സർക്കാറിെൻറ കാലാവധി കഴിയാറായിട്ടും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയാത്തത് സർക്കാറിെൻറയും എം.എൽ.എയുടെയും പിടിപ്പുകേട് കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാണിമേലിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഗവ. കോളജ് അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് രംഗത്തുവരുമെന്ന് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ പറഞ്ഞു. രണ്ടു കോടിയോളം രൂപ ജനങ്ങളിൽനിന്ന് സമാഹരിച്ച് കിണമ്പറ കുന്നിൽ സ്ഥലം വാങ്ങി നൽകിയത് താൻ കൺവീനറായ സ്പോൺസറിങ് കമ്മിറ്റിയാണെന്നും ഇവിടെ കെട്ടിട നിർമാണം പൂർത്തിയാക്കുന്ന കാര്യത്തിൽ എം.എൽ.എ അടക്കമുള്ളവർ പരാജയപ്പെട്ടിരിക്കുകയാണെന്നും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി കുറ്റപ്പെടുത്തി.
എന്നാൽ, കോളജ് ഫെബ്രുവരിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. യു.ഡി.എഫ് സർക്കാർ കോളജ് അനുവദിച്ചെങ്കിലും കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചിരുന്നില്ല. തുടർന്ന് ഒരു വർഷത്തെ എം.എൽ.എ ഫണ്ട് അഞ്ചുകോടി മുഴുവനായും ചെലവഴിച്ചാണ് കെട്ടിടം പണിതത്. കോളജ് ഫണ്ട് മതിയാകാതെ വന്നപ്പോൾ സർക്കാറിൽ ഇടപെട്ടതിനെ തുടർന്ന് ഒരു കോടി 65 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഹോസ്റ്റൽ സൗകര്യത്തോടെ പുതിയ ബ്ലോക്ക് നിർമാണത്തിന് കിഫ്ബിയിൽനിന്ന് 10 കോടി അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. കോളജിൽ ജലലഭ്യത ഉറപ്പുവരുത്താൻ എം.എൽ.എ ഫണ്ടിൽനിന്ന് 48 ലക്ഷം രൂപ അനുവദിച്ചു. കോളജ് റോഡ് ടാർ ചെയ്യാൻ 30 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയെന്നും എം.എൽ.എ അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ സി.വി. കുഞ്ഞികൃഷ്ണൻ, അഡ്വ. എ. സജീവൻ, എം.പി. സൂപ്പി, വലിയാണ്ടി ഹമീദ്, സെക്രട്ടറി എൻ.കെ. ജമാൽ ഹാജി, പി.കെ. ദാമു, എം.കെ. അഷ്റഫ്, ഇ. ഹാരിസ് എന്നിവർ കോളജ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.