കോർപറേഷൻ; മലിനജല സംസ്കരണ പ്ലാന്റ് സന്ദർശിച്ചതിന് 2.3 ലക്ഷം ചെലവ്
text_fieldsകോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്താൻ കോർപറേഷൻ സംഘടിപ്പിച്ച തിരുവനന്തപുരം യാത്രക്ക് ചെലവ് 2,34516 രൂപ. 42 പേരെ തിരുവനന്തപുരത്തെ അഞ്ച് എം.എൽ.ഡി ശേഷിയുള്ള പ്ലാന്റ് കാണാനായി കൊണ്ടുപോയതിനുള്ള ഇത്രയും തുക യാത്ര സംഘടിപ്പിച്ചയാൾക്ക് നൽകാൻ കോർപറേഷൻ തീരുമാനിച്ചു.
ആവിക്കൽ തോട് പ്ലാന്റിനെതിരെ പ്രദേശവാസികളുടെ പ്രക്ഷോഭം തുടങ്ങിയ ഘട്ടത്തിൽ നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഇപ്പോൾ പ്രവർത്തിക്കുന്ന പ്ലാന്റ് നിർബന്ധമായി കാണിച്ച് ബോധവത്കരണം നടത്തണമെന്ന ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു യാത്ര.
മേയർ, 16 കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, എട്ട് ഉദ്യോഗസ്ഥർ, 14 പ്രദേശവാസികൾ, മൂന്ന് മാധ്യമപ്രതിനിധികൾ എന്നിവരാണ് യാത്ര നടത്തിയത്. മാർച്ച് 19ന് നഗരസഭ ഓഫിസിൽനിന്ന് പുറപ്പെട്ട് 20ന് സന്ദർശനം കഴിഞ്ഞ് സംഘം തിരിച്ചെത്തി.
പ്ലാന്റിന്റെ കരാറുകാരായ നാസിറ്റ് ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനത്തോട് യാത്രക്കുള്ള സംവിധാനങ്ങളൊരുക്കാൻ കോർപറേഷൻ നിർദേശം നൽകുകയായിരുന്നു. ഇവർ സമർപ്പിച്ച ബിൽ തുക അനുവദിക്കാൻ കോർപറേഷൻ ധനകാര്യ സ്ഥിരംസമിതിയാണ് തീരുമാനിച്ചത്. സമിതിയംഗങ്ങളായ കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവരുടെ വിയോജിപ്പോടെയായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.