കോർപറേഷൻ കൗൺസിൽ യോഗം: പെൻഷൻ മുടങ്ങുന്നതിൽ അടിയന്തരമായി ഇടപെടണം -നഗരസഭ
text_fieldsകോഴിക്കോട്: നഗരസഭ പരിധിയിൽ ക്ഷേമ പെൻഷനുകൾ മുടങ്ങിയതായും സംരംഭങ്ങൾ തുടങ്ങാൻ ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നതായും കൗൺസിൽ യോഗത്തിൽ പരാതി. ഭരണപക്ഷ അംഗങ്ങൾ തന്നെയാണ് ഇക്കാര്യങ്ങളിൽ ശ്രദ്ധക്ഷണിച്ചത്. പെൻഷൻ മുടങ്ങുന്ന കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിൽ ആവശ്യം പ്രമേയമായി പഞ്ചായത്ത് ഡയറക്ടർ, തദ്ദേശസ്വയം ഭരണ മന്ത്രി, ധനമന്ത്രി എന്നിവർക്ക് നൽകാനാണ് കൗൺസിൽ തീരുമാനം. സി.പി.എമ്മിലെ വി.പി. മനോജാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്.
കോർപറേഷൻ പരിധിയിൽ മാത്രം 2937 പേർക്ക് വിധവ പെൻഷൻ മുടങ്ങിയതായി അദ്ദേഹം പറഞ്ഞു. പുനർ വിവാഹം ചെയ്തില്ലെന്ന സാക്ഷ്യപത്രമടക്കം ആവശ്യമായ രേഖയെല്ലാം സമർപ്പിച്ചിട്ടും പെൻഷൻ കിട്ടിയില്ല. എലത്തൂർ മേഖലയിൽ 419 ഉം ചെറുവണ്ണൂരിൽ 277 ഉം ബേപ്പൂരിൽ 448 ഉം പേർക്കാണ് കിട്ടാനുള്ളത്. പെൻഷൻ സർക്കാർ അനുവദിച്ചിട്ടും വിതരണത്തിലാണ് അപാകതയുള്ളത്. സർട്ടിഫിക്കറ്റുകൾ കോർപറേഷൻ ഓഫിസിൽനിന്ന് അപ് ലോഡ് ചെയ്തിട്ടും നൽകിയതായി കാണിക്കാതെ വന്നത് സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംശയിക്കുന്നതായി മേയർ പറഞ്ഞു. 2023 ഫെബ്രുവരി വരെ കിട്ടിയവർക്കും പെൻഷൻ കിട്ടാതെ വന്നിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ സാങ്കേതിക പ്രശ്നമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ തദ്ദേശ ഡയറക്ടർക്കും ധനമന്ത്രിക്കും അയച്ചതായി മേയർ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് പുതുക്കി നൽകാത്ത കാര്യവും സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും. കോൺഗ്രസിലെ കെ. നിർമലയാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്. രണ്ട് ശ്രദ്ധ ക്ഷണിക്കൽ ഉള്ളതിനാൽ ക്ഷേമ പെൻഷനുകൾ ലഭിക്കാത്തതിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു.
സംരംഭങ്ങൾ തുടങ്ങാൻ കൈക്കൂലി, ഫയൽ കാണുന്നില്ല
സംരംഭങ്ങൾ തുടങ്ങാനായി നഗരത്തിൽ ലൈസൻസുകൾ കിട്ടാൻ വൻ പ്രതിബന്ധം സൃഷ്ടിക്കുന്നതായി ഭരണകക്ഷിയംഗം എൻ.സി. മോയിൻകുട്ടി ശ്രദ്ധ ക്ഷണിച്ചു. കോർപറേഷൻ നിലപാടിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ നടപടികൾ. കണ്ണഞ്ചേരിയിൽ ഫ്ലോർമിൽ സ്ഥാപിക്കാൻ അപേക്ഷ നൽകിയിട്ടും കൊടുക്കുന്നില്ല. ഫയൽ കാണുന്നില്ലെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥൻ 20,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.
ഫയൽ കാണാത്തതിനാൽ താൽക്കാലികമായി ചെറിയ മോട്ടോർ വച്ച് തുടങ്ങാമെന്ന് പറഞ്ഞ് ഒഴിവാക്കിയിരിക്കയാണിപ്പോൾ. മെഡിക്കൽ കോളജിൽ ഹോട്ടൽ തുടങ്ങാനും ചാലപ്പുറത്ത് യുവ ദന്ത ഡോക്ടർക്ക് ക്ലിനിക്ക് തുടങ്ങാനുമെല്ലാം ഇങ്ങനെ തടസ്സമുണ്ടാക്കുന്നതായി മോയിൻ കുട്ടി പറഞ്ഞു. കൈക്കൂലി ചോദിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്ന് ലീഗിലെ കെ. മൊയ്തീൻ കോയ ആവശ്യപ്പെട്ടെങ്കിലും അത് ബന്ധപ്പെട്ട പരാതിക്കാരൻ തന്നെ പറയുമെന്നായിരുന്നു മോയിൻ കുട്ടിയുടെ നിലപാട്.
ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവുമെന്ന് കോർപറേഷൻ സെക്രട്ടറിയും മേയറും മറുപടി നൽകി. മാങ്കാവ്-കൽപക റോഡ് നന്നാക്കാനുള്ള കരാറുകാരന്റെ കാലാവധി ഡിസംബർ വരെ നീട്ടിക്കൊടുക്കാൻ തീരുമാനിച്ചതായി മേയർ അറിയിച്ചു. കാലാവധി കഴിഞ്ഞിട്ടും റോഡ് നന്നാക്കാത്ത കരാറുകാരനെതിരെ നടപടി വേണമെന്ന് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ച ഓമന മധു ആവശ്യപ്പെട്ടു. കെ.ടി. സുഷാജ്, ടി. സുരേഷ് കുമാർ, അഡ്വ. സി.എം. ജംഷീർ, ഡോ. പി.എൻ. അജിത, പി.കെ. നാസർ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു. മിഠായിതെരുവിൽ ലൈറ്റുകൾ മാറ്റാനും പുതിയവ വെക്കാനുമുള്ള തീരുമാനത്തിനും കൗൺസിൽ അനുമതി നൽകി.
ക്ഷേമ പെൻഷൻ മുടങ്ങി; എൽ.ഡി.എഫ് ധർണ നടത്തി
രാമനാട്ടുകര: നഗരസഭയിലെ ക്ഷേമ പെൻഷനുകളിലെ മസ്റ്ററിങ്, സാക്ഷ്യപത്രം എന്നിവ സമർപ്പിക്കുന്നതിന് സർക്കാർ വ്യക്തമായ മാർഗനിർദേശങ്ങളും ഉത്തരവുകളും നൽകിയത് ജനങ്ങളെ സമയബന്ധിതമായി അറിയിക്കാത്തതിനാൽ ജനങ്ങളുടെ ക്ഷേമ പെൻഷനുകൾ നഷ്ടപ്പെട്ടിരിക്കുന്നതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.
ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം പെൻഷൻ മുടങ്ങിയതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കൗൺസിലർമാർ നഗരസഭ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. ചെയർപേഴ്സൻ ബുഷ്റ റഫീക്കിന് നിവേദനം നൽകി. ധർണ എം.കെ. ഗീത ഉദ്ഘാടനം ചെയ്തു. പി.കെ. ഹഫ്സൽ, കെ. ഫൈസൽ, ബീന കരംചന്ദ്, കെ. പുഷ്പ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.