കാട്ടുപന്നികളെ വെടിവെക്കാൻ കോർപറേഷൻ
text_fieldsകോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായെന്ന പരാതിയെത്തുടർന്ന് പന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിയുള്ള ഒമ്പതംഗ ഷൂട്ടർമാരുടെ പട്ടിക കോർപറേഷൻ തയാറാക്കി. മുഴുവൻ കൗൺസിലർമാർക്കും കഴിഞ്ഞ ദിവസം ലിസ്റ്റ് കൈമാറി.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൗൺസിലർ രേഖാമൂലം അറിയിച്ചാൽ മാത്രമേ പന്നികളെ വെടിവെക്കാനാവൂവെന്ന് കോർപറേഷൻ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് പന്നിയെ വെടിവെക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും നടപടിക്രമങ്ങൾ ആദ്യമിറക്കിയത് കോർപറേഷനാണ്. വനം വകുപ്പ് നിരക്കായ 1000 രൂപയാണ് ഷൂട്ടർക്ക് കോർപറേഷൻ നൽകുക. സംസ്കരിക്കാൻ 2000 രൂപയും അനുവദിക്കും. നേരത്തേ വനം വകുപ്പിനുമാത്രമേ ഇവയെ വെടിവെക്കാൻ കഴിയുമായിരുന്നുള്ളൂ.
കോർപറേഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രി വൈകി 10നുശേഷം കോട്ടൂളി പൊൻപറക്കുന്നിൽ നടന്ന തിരച്ചിലിൽ രണ്ട് പന്നികളെ വെടിവെച്ചുകൊന്നു. ഇനിയും പത്തിലേറെ പന്നികൾ ഈ ഭാഗത്ത് വിഹരിക്കുന്നതായി കൗൺസിലർ എം.എൻ. പ്രവീൺ പറഞ്ഞു. സിവിൽസ്റ്റേഷൻ, കോട്ടൂളി വാർഡിൽപെട്ട ഈ മേഖലയിൽ വ്യാപകമായി പന്നിയിറങ്ങിയത് നഗരവാസികളുടെ ഉറക്കംകെടുത്തിയിരുന്നു. കൗൺസിലർമാരായ എം.എൻ. പ്രവീൺ, കെ.ടി.സുഷാജ് എന്നിവരുടെ സാന്നിധ്യത്തിൽ 80, 90 കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപന്നികളെയാണ് കൊന്നത്.
കോർപറേഷൻ പാനലിൽപെട്ട ഷൂട്ടർമാരായ സി.എം. ബാലൻ, കെ. ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് വേട്ട നടത്തിയത്. പന്നികളുടെ ജഡം ചട്ട പ്രകാരം കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ പരിശോധിച്ച് പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ഫോറസ്റ്റ് ആർ.ആർ.ടി അംഗം ഗിരീഷിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് മറവുചെയ്തു.
ഇതോടെ രണ്ടു കൊല്ലത്തിനിടെ അഞ്ച് കാട്ടുപന്നികളെ കോർപറേഷൻ പരിധിയിൽ വെടിവെച്ചുകൊന്നു. നേരത്തേ മൂന്നെണ്ണത്തെ വനം വകുപ്പാണ് കൊന്നിരുന്നത്. കഴിഞ്ഞ വർഷം കോർപറേഷൻ തൊണ്ടയാട് കനാലിൽ വെടിവെച്ച പന്നിയുടെ ആക്രമണത്തിൽ ഷൂട്ടർ ബാലന് പരിക്കേറ്റിരുന്നു. സിവിൽ സ്റ്റേഷൻ വാർഡിലാണ് കാട്ടുപന്നിയുടെ ശല്യം ഏറ്റവുമധികമുള്ളത്.
വാഴയും ചേമ്പും കപ്പയും മഞ്ഞളുമെല്ലാം കുത്തിയിളക്കുന്നു. കോട്ടൂളി മീമ്പാലക്കുന്നിലെ കാടുനിറഞ്ഞ ഭാഗവും ബൈപാസിന് ചുറ്റുമുള്ള ചതുപ്പുമൊക്കെയാണ് മുഖ്യ താമസകേന്ദ്രം. കോട്ടൂളി ചുള്ളിയോട് റോഡ്, സിവിൽ സ്റ്റേഷൻ മധുരവനം റോഡ്, ചേവരമ്പലം തുടങ്ങി 10 കിലോമീറ്റർ സ്ഥലത്തിനുള്ളിൽ പന്നികൾ വിഹരിക്കുന്നു. വൈകുന്നേരം നാലിനുവരെ ഇവ കൂട്ടത്തോടെ എത്തുന്നു. വീടുകൾക്കുപിറകിൽ ഭക്ഷണാവശിഷ്ടങ്ങൾ തിന്നാൻ ഇവ എത്തുന്നു. പന്നി കുറുകെച്ചാടി ദേശീയപാത ബൈപാസിൽ യുവാവ് മരിച്ചിട്ട് അധികമായില്ല.
അതിന്റെ പിറ്റേന്ന് പന്നികളിലൊന്നിനെ വെടിവെച്ചുകൊന്നിരുന്നു. കോട്ടൂളി പനാത്ത് താഴത്ത് ബസിറങ്ങി വീട്ടിലേക്കുനടന്ന യുവാവിനെ പന്നി ആക്രമിച്ചത് ഭീതിയുയർത്തിയിരുന്നു.
പുലർച്ച നടക്കാനിറങ്ങുന്നവരും ഭീതിയിലാണ്. കോട്ടൂളി തണ്ണീർത്തട മേഖലയാണ് കാട്ടുപന്നിക്ക് ഏറെയിഷ്ടമുള്ള കേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.