ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കരാർ വീണ്ടും നീട്ടാൻ കോർപറേഷൻ
text_fieldsകോഴിക്കോട്: ഞെളിയൻപറമ്പിൽ മാലിന്യം നീക്കാൻ കോർപറേഷൻ സോണ്ട കമ്പനിക്കു നൽകിയ 30 പ്രവൃത്തി ദിവസത്തെ കാലാവധി ബുധനാഴ്ച തീർന്നതോടെ വീണ്ടും നീട്ടിക്കൊടുക്കാനൊരുങ്ങി കോർപറേഷൻ. അടുത്ത കൗൺസിൽ യോഗത്തിന്റെ തീരുമാനമനുസരിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു.
അടുത്ത കൗൺസിൽ യോഗം 26നാണ് നിശ്ചയിച്ചിരിക്കുന്നത്. ബയോമൈനിങ്, കാപ്പിങ്, ബയോമൈനിങ്ങിന്റെ ഭാഗമായുള്ള ആർ.ഡി.എഫ് നീക്കംചെയ്യൽ എന്നിവയാണ് കമ്പനി ചെയ്യേണ്ടത്. ഇതിൽ ബയോമൈനിങ് 75-80 ശതമാനത്തോളം പൂർത്തിയായതായാണ് ഏറ്റവും പുതിയ കണക്ക്.
കാപ്പിങ്ങും പുരോഗമിക്കുന്നു. ആർ.ഡി.എഫ് ഇനിയും നീക്കാനുണ്ട്. മഴക്കുമുമ്പ് പൂർത്തിയായില്ലെങ്കിൽ പണി ഇനിയും നീളും. സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ഇനി ഒരു നിമിഷം വെച്ചുപൊറുപ്പിക്കരുതെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. 2019 ഡിസംബർ 10 മുതൽ ആറു തവണയായി കരാർ കാലാവധി നീട്ടിനൽകിയതാണ്.
ഉത്തരവാദിത്തപ്പെട്ട ഒരു കമ്പനിക്ക് യോജിച്ച പ്രവർത്തനമല്ല അവർ നടത്തിയതെന്നും കാര്യക്ഷമതയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പരിചയക്കുറവും വളരെ പ്രകടമാണ്.
ഈ സാഹചര്യത്തിൽ സോണ്ട കമ്പനിയെ പ്രവൃത്തിയുടെ ഉത്തരവാദിത്തത്തിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത, ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയ, ചീഫ് വിപ്പ് എസ്.കെ. അബൂബക്കർ എന്നിവർ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
പകരം ഏജൻസിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ദുരന്തനിവാരണ അതോറിറ്റിയും ജില്ല ഫയർഫോഴ്സും കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് യഥാർഥ വസ്തുത ജനങ്ങളെ അറിയിക്കാൻ തയാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്രതിരോധ സമരം തുടങ്ങാനാണ് യു.ഡി.എഫ് തീരുമാനം.
എന്നാൽ, മുക്കാൽ ഭാഗത്തിലേറെ മാലിന്യം നീക്കൽ പൂർത്തിയായ സ്ഥിതിക്ക് ഇടക്ക് കരാറുകാരനെ മാറ്റുന്നത് പ്രവൃത്തി സ്തംഭിക്കാനും കൂടുതൽ സാമ്പത്തിക ബാധ്യതക്കുമിടയാക്കുമെന്നണ് കോർപറേഷൻ നിലപാട്. മാർച്ച് 30ന് കോർപറേഷൻ കൗൺസിൽ യോഗമാണ് പിഴ ചുമത്തി കരാർ പുതുക്കിനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.