ബീച്ച് ലയൺസ് പാർക്ക് കോർപറേഷൻ ഏറ്റെടുക്കുന്നു; നവീകരണം ഉടൻ
text_fieldsകോഴിക്കോട്: വർഷങ്ങളായി ശോച്യാവസ്ഥയിലുള്ള ബീച്ചിലെ ലയൺസ് പാർക്ക് നവീകരിക്കാൻ തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടൂറിസം വികസനം കൂടി ലക്ഷ്യമിട്ട് പാർക്കിന്റെ നവീകരണവും പരിപാലനവും കോർപറേഷൻ നേരിട്ടാണ് നിർവഹിക്കുക.
മാസ്റ്റർ പ്ലാൻ ഏപ്രിൽ അവസാനത്തോടെ തയാറാക്കി അടുത്ത വർഷത്തോടെ നവീകരണം പൂർത്തിയാക്കി പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പാർക്കിലെ അടിയന്തര അറ്റകുറ്റപ്പണിയും ശുചീകരണവും കോർപറേഷൻ ഉടൻ ആരംഭിക്കും. ഇതിന്റെ ആദ്യപടിയായി പാർക്കിന് സമീപം സ്ഥാപിച്ച അനധികൃത ബോർഡുകൾ അടക്കമുള്ളവ ഉടൻ നീക്കംചെയ്യും.
മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷരായ പി. ദിവാകരൻ, കൃഷ്ണകുമാരി, പി.സി. രാജൻ, സെക്രട്ടറി കെ.യു. ബിനി, എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
പുതുമോടികൾക്കിടയിൽ കാടുമൂടിയ പാർക്ക്
കോഴിക്കോട്: ടൂറിസം വികസനമടക്കം ലക്ഷ്യമിട്ട് കടപ്പുറത്ത് പുതുമോടികൾ ഉയരുമ്പോഴും തിരിഞ്ഞുനോക്കാനാളില്ലാതെ കാടുമൂടിയ അവസ്ഥയിലായിരുന്നു മലബാറിലെതന്നെ ഏറ്റവും പഴയ ഉദ്യാനങ്ങളിലൊന്നായ ബീച്ച് ലയൺസ് പാർക്ക്. ശോച്യാവസ്ഥയിലോടെ പാർക്ക് കോർപറേഷൻ ഏറ്റെടുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ഏറെക്കാലമായി ആവശ്യവുമുയർന്നിരുന്നു.
1965 സെപ്റ്റംബർ 19ന് അന്നത്തെ മേയർ എ. ബാവുട്ടി ഹാജിയാണ് നഗരത്തിലെ ലയൺസ് ഇൻറർനാഷനൽ ക്ലബിന് സ്ഥലം കൈമാറിയത്. തുറമുഖ വകുപ്പിന്റെ സ്ഥലം നഗരസഭ താൽക്കാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. പിന്നീട് പാർക്കിന് വടക്ക് ഭാഗത്ത് 1973 മേയ് അഞ്ചിന് കുട്ടികളുടെ പാർക്കും ആരംഭിച്ചു. അന്നത്തെ മേയർ കോളിയോട്ട് ഭരതനാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റിന് പാർക്ക് നടത്തിപ്പിന് സ്ഥലം കൈമാറിയത്.
രണ്ട് പാർക്കുകളും തമ്മിൽ യോജിപ്പിച്ചതോടെ കോഴിക്കോട്ടെ മുഖ്യ ആകർഷകങ്ങളിലൊന്നായി ഉദ്യാനം മാറി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നഗരത്തിൽ വിനോദയാത്രക്കെത്തുന്ന എൽ.പി, യു.പി സ്കൂൾ വിദ്യാർഥികളുടെ തിരക്കായിരുന്നു ഒരുകാലത്തിവിടെ.
കോഴിക്കോട് കേന്ദ്രമായുള്ള വിവിധ കമ്പനികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹായത്തോടെ അക്കാലത്തെ ഏറ്റവും ആകർഷകമായ വിനോദോപാധികളും കൊച്ച് ഫൗണ്ടനുകളും കളിപ്പൊയ്കകളും മത്സ്യങ്ങളും കുട്ടികൾക്കുള്ള ഉപകരണങ്ങളുമെല്ലാം ഇവിടെ ഒരുക്കിയിരുന്നു. അപൂർവങ്ങളായ നിരവധി വൃക്ഷങ്ങളും പാർക്കിലുണ്ട്. അന്നത്തെ വ്യവസായികളുടെയും ക്ലബിന്റെയും പ്രതാപമസ്തമിച്ചതോടെയാണ് എല്ലാം അലങ്കോലമായത്. നാലുവർഷം മുമ്പ് പാർക്കിന്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധമുയർന്നപ്പോൾ കുറച്ച് നവീകരണം നടത്തിയെങ്കിലും എല്ലാം പഴയ പടിയായി.
ചെടികളുടെ പേരും ശാസ്ത്രനാമവും സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചെങ്കിലും എല്ലാം നശിച്ചു. ഇരുമ്പ് വേലികളും രണ്ട് പാർക്കുകളിലേക്കുമുള്ള ഗേറ്റുമെല്ലാം തകർന്നു കിടപ്പാണ്. കുട്ടികൾക്കുള്ള ഉപകരണങ്ങൾ മിക്കതും തകർന്ന് ഉപയോഗ ശൂന്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.