കെട്ടിട നമ്പർ തട്ടിപ്പ് കണ്ടെത്താൻ കോർപറേഷന്റെ പ്രത്യേക സംഘം
text_fieldsകോഴിക്കോട്: കോർപറേഷൻ റവന്യൂ വിഭാഗത്തിൽ സഞ്ചയ സോഫ്റ്റ് വെയറിലെ വിവരങ്ങളിൽ കൃത്രിമം നടത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത് കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാ പുതിയ കെട്ടിടങ്ങൾക്കും നമ്പർ നൽകിയത് വിശദമായി പരിശോധിക്കാൻ കോർപറേഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സൂപ്രണ്ട് മഞ്ജു റാണിയുടെ നേതൃത്വത്തിൽ ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുകയെന്ന് മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു.
2018-19 സാമ്പത്തികവർഷം മുതലുള്ള കെട്ടിടത്തിന് നമ്പർ നൽകിയതാണ് പരിശോധിക്കുന്നത്. ഓരോ ഫയലും പ്രകാരം നമ്പർ കൊടുത്ത കെട്ടിടത്തിനൊപ്പം മറ്റേതെങ്കിലും കെട്ടിടത്തിന്‍റെ രേഖകൾകൂടി ഉൾപ്പെടുത്തി നമ്പർ കൊടുത്തിട്ടുണ്ടോയെന്ന കാര്യമാണ് പരിശോധിക്കുകയെന്ന് സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. വിവിധ സെക്ഷൻ ക്ലർക്കുമാരുടെ നേതൃത്വത്തിൽ കെട്ടിട നമ്പറുകളുടെ പരിശോധന കോർപറേഷൻ ക്രമക്കേട് പുറത്തുവന്നശേഷം തുടങ്ങിയിരുന്നു. എന്നാൽ, സെക്ഷനുകളിൽ ദൈനംദിന ജോലികളുള്ളതിനാൽ പരിശോധന നടത്താൻ മാത്രമായി ഇപ്പോൾ പ്രത്യേക സ്ക്വാഡിനെ ചുതമലപ്പെടുത്തുകയായിരുന്നു. ഇതോടെ സമയബന്ധിതമായി പരിശോധന തീർക്കാനാവുമെന്ന് അധികൃതർ കരുതുന്നു.
കെട്ടിട ഉടമകളുടെ വിചാരണ ആരംഭിച്ചു
കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായതിനെ തുടർന്ന് കച്ചവടക്കാരെയും കെട്ടിട ഉടമകളെയും കോർപറേഷൻ ഓഫിസിൽ വിളിച്ചുവരുത്തിയുള്ള വിചാരണ ആരംഭിച്ചു. പ്രഫഷനൽ ഓഫിസിനുവേണ്ടി നമ്പർ വാങ്ങിയ കെട്ടിടത്തിൽ പിന്നീട് അനുമതി ഇല്ലാതെ ഡി ആൻഡ് ഒ ലൈസൻസ് വാങ്ങി കച്ചവടം ചെയ്യുന്നവരെയും കെട്ടിട ഉടമകളെയുമാണ് വിളിച്ചുവരുത്തിയത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവരുടെ മൊഴിയെടുത്തശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ആദ്യ ദിവസമായ വെള്ളിയാഴ്ച 30ഓളം പേരുടെ മൊഴിയെടുത്തു. ലൈസന്‍സില്ലാതെ 123 വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായാണ് ഔദ്യോഗിക കണക്ക്.
കെട്ടിടം വ്യാപാരത്തിനുള്ളതല്ലെങ്കിൽ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. നാലു ദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. നഗരസഭ പരിധിയിൽ ഡി ആൻഡ് ഒ ലൈസൻസ് എടുത്ത 25,230 കടകളുണ്ടെന്നാണ് കണക്ക്. ഇവയിൽനിന്ന് വർഷംതോറും 2.87 കോടി രൂപ ലൈസൻസ് ഫീ ഇനത്തിൽ ലഭിക്കുന്നുണ്ട്. ഷോപ്പിങ് മാളുകളിലെ സ്ഥാപനങ്ങളും ഡി ആൻഡ് ഒ ലൈസൻസിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കെട്ടിട ഉടമയുടെയും അപേക്ഷകന്‍റെയും പേരിൽ വ്യത്യാസമുണ്ടായാൽ വിശദ പരിശോധന
സഞ്ചയ സോഫ്റ്റ് വെയറിൽ ന്യൂ ബിൽഡിങ് ഫോറം ആറ് ഓപ്ഷനിൽ എൻട്രി വരുത്തിയ മുഴുവൻ കെട്ടിടങ്ങളുടെ വിവരങ്ങളും അസസ്മെന്‍റ് രജിസ്റ്റർ, അസസ്മെന്‍റ് ഫയൽ എന്നിവ പ്രകാരം പരിശോധിച്ച് കെട്ടിടത്തിന് നമ്പർ നൽകിയിട്ടുള്ളത് നിയമാനുസൃതമാണോ എന്നും കെട്ടിടത്തിന്‍റെ വിവരങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നുമാണ് സംഘം പരിശോധിക്കുക. കെട്ടിടത്തിന്‍റെ തരം, തറ, വിസ്തീർണം തുടങ്ങിയവയിൽ മാറ്റം വരുത്തിയോ എന്നും പരിശോധിക്കും. സൂപ്രണ്ടിനെ കൂടാതെ റവന്യൂ ഇൻസ്‌പെക്ടർ, മൂന്ന് ക്ലർക്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ഒരു ഓവർസിയർ എന്നിവർ അടങ്ങുന്നതാണ് സ്‌ക്വാഡ്.
കോർപറേഷൻ സൂപ്രണ്ടിന് പുറമെയുള്ള ആറംഗങ്ങളിൽ മൂന്നു പേർ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തും. മൂന്നു പേർ കെട്ടിടങ്ങളിൽ പരിശോധനയും നടത്തണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.