കെ.എസ്.ആർ.ടി.സി കെട്ടിട നിർമാണത്തിലെ അഴിമതി: ചീഫ് എൻജിനീയർക്കും ആർക്കിടെക്ടിനുമെതിരെ കേസെടുക്കണമെന്ന് ശിപാർശ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി വാണിജ്യ കെട്ടിട നിർമാണത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു സമർപ്പിച്ചു. ചീഫ് എൻജിനീയർക്കും ആർക്കിടെക്ടിനുമെതിരെ കേസെടുക്കണമെന്ന് ശിപാർശ ചെയ്യുന്നതാണ് കോഴിക്കോട് വിജിലൻസ് എസ്. പി സജീവെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിെൻറ റിപ്പോർട്ട്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ട് കൂടി പരിഗണിച്ച് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിശദാന്വേഷണത്തിന് വിജിലൻസ് സർക്കാറിെൻറ അനുമതി തേടി.
ഐ.ഐ.ടി റിപ്പോർട്ട് വരുംമുമ്പുതന്നെ കെ.ടി.ഡി.എഫ്.സിയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.14 നില കെട്ടിടത്തിൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഒന്നാംനിലയിൽ സ്ലാബിലെ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് 2019 ൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടത്. നിർമാണത്തിൽ വലിയ വീഴ്ചയുണ്ടായതായി ഐ.െഎ.ടി പ്രാഥമികപരിശോധനയിൽതന്നെ വ്യക്തമായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയത് കഴിഞ്ഞമാസമാണ്. ഐ.ഐ.ടി റിപ്പോർട്ട് വന്നതോടെയാണ് വിജിലൻസ് അന്വേഷണം സജീവമായത്. 12-16 മില്ലി മീറ്റർ വണ്ണമുള്ള കമ്പി ഉപയോഗിക്കേണ്ടതിനുപകരം എട്ടു മില്ലിമീറ്റർ വണ്ണമുള്ള കമ്പി ഉപേയാഗിച്ചാണ് തൂണുകൾ നിർമിച്ചത് എന്നാണ് കണ്ടെത്തൽ. ഒമ്പത് പ്രധാന തൂണുകൾക്ക് വിള്ളലുണ്ട്. നൂറോളം തൂണുകൾക്ക് നേരിയ ബലക്ഷയവുമുണ്ട്.
സ്ട്രെക്ചറൽ എൻജിനീയറിങ്ങിലെ പിഴവും രൂപകൽപനയിലെ അശാസ്ത്രീയതയും ഐ.ഐ.ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറകൂടി ചുവടുപിടിച്ചാണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽനിന്ന് വി.ആർ.എസ് വാങ്ങിയ എൻജിനീയർ നവകുമാർ ആയിരുന്നു കെ.ടി.ഡി.എഫ്.സിയിൽ ഡെപ്യൂട്ടേഷനിൽ പദ്ധതിയുടെ ചീഫ് എൻജിനീയറായി ചുമതലയേറ്റത്. പ്രശസ്ത ആർക്കിടെക്ട് ആർ.കെ. രമേഷ് ആണ് കെട്ടിടം രൂപകൽപന ചെയ്തത്. ആർക്കിടെക്റ്റിനും നിർമാണക്കമ്പനിക്കുമെതിരെ കേസെടുക്കണമെന്നും ബലപ്പെടുത്തൽ പ്രവൃത്തിക്ക് വരുന്ന ചെലവ് ഇവരിൽനിന്ന് ഈടാക്കണമെന്നും സെപ്റ്റംബർ 23ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.