കെ.എസ്.ആർ.ടി.സി കെട്ടിട അഴിമതി: കോൺഗ്രസ് ഹൈകോടതിയെ സമീപിക്കും
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം സംബന്ധിച്ച ഐ.ഐ.ടി റിപ്പോർട്ട് പുറത്തുവിടുക, പാട്ടക്കരാർ അഴിമതി സംബന്ധിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് ജില്ല കമ്മിറ്റി ഹൈകോടതിയിൽ ഹരജി സമർപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സമരം ശക്തമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തുച്ഛവിലയ്ക്ക് കെ.എസ്.ആർ.ടി.സി കെട്ടിടം മുഴുവൻ അലിഫ് ബിൽഡേഴ്സിന് തീറെഴുതിയിരിക്കുകയാണ്. വലിയ വാടക നൽകി ബസ് ടെർമിനലിൽ കച്ചവടം നടത്തിയ വ്യാപാരികളെ പൊലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ചത് അലിഫ് ബിൽഡേഴ്സിനെ സഹായിക്കാനാണ്.
ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. അഴിമതിസംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ ഒഴിപ്പിക്കൽ നടപടികൾ. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ പങ്കെടുക്കുന്ന നേതൃ കണ്വെന്ഷന് ബുധനാഴ്ച കാലിക്കറ്റ് ടവറില്‍ നടക്കും.
കെ.പി.സി.സി ഭാരവാഹികള്‍, അംഗങ്ങൾ, മുന്‍ ഭാരവാഹികള്‍, മുന്‍ എക്സിക്യൂട്ടിവ് അംഗങ്ങൾ, ഡി.സി.സി ഭാരവാഹികള്‍, മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷകസംഘടന സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്റുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് മെംബര്‍മാര്‍, സഹകരണസംഘം പ്രസിഡന്റുമാര്‍ എന്നിവരാണ് പ്രതിനിധികള്‍. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ രണ്ട് മണിക്ക് ഹാളിലെത്തി രജിസ്റ്റര്‍ ചെയ്ത് പാസ് വാങ്ങണമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
മത്സ്യബന്ധന തൊഴിലാളികള്‍ ഉപയോഗിക്കുന്ന മണ്ണെണ്ണക്കും ഡീസലിനും ഇതരസംസ്ഥാനങ്ങള്‍ കൊടുക്കുന്ന സബ്സിഡി നിര്‍ബന്ധമായും കേരളത്തില്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മേയ് ഏഴിന് രാവിലെ 10ന് പുതിയാപ്പ ഫിഷിങ് ഹാര്‍ബറിന് മുന്നില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ കഞ്ഞിവെപ്പ് സമരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.