ഞെളിയൻപറമ്പിലെത്തിയ കൗൺസിലർമാരെയും മാധ്യമപ്രവർത്തകരെയും പൂട്ടിയിട്ടു
text_fieldsഫറോക്ക്: കോർപറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയൻപറമ്പിൽ എത്തിയ ബി.ജെ.പി കൗൺസിലർമാരെയും മാധ്യമപ്രവർത്തകരെയും പൂട്ടിയിട്ടു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ നല്ലളം പൊലീസ് ഇവരെ തുറന്നുവിട്ടു. തിങ്കളാഴ്ച വൈകീട്ടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോർപറേഷൻ ബി.ജെ.പി കൗൺസിലർമാരായ ടി. റിനീഷ്, ശിവപ്രസാദ്, സരിത പറയേരി, നവ്യ ഹരിദാസ്, സത്യഭാമ, ഇവരോടൊപ്പമെത്തിയ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഷിജു പിണ്ണാറത്ത്, ബി.ജെ.പി പ്രവർത്തകരായ സാബുലാൽ, സുനിഷ, ഷൈമ, മാധ്യമ പ്രവർത്തകർ എന്നിവരെയാണ് ഞെളിയൻപറമ്പിനുള്ളിൽ പൂട്ടിയിട്ടത്.
ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവർ സന്ദർശിക്കാനെത്തിയത്.
കഴിഞ്ഞ ആഴ്ച ഞെളിയൻപറമ്പിലും തീപിടിത്തമുണ്ടായ സംഭവത്തിൽ അടുത്തദിവസം നടക്കുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഞെളിയൻ പറമ്പിലെ നിലവിലെ അവസ്ഥയെപ്പറ്റി പഠിക്കാനെത്തിയതായിരുന്നു കൗൺസിലർമാർ. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ഞെളിയൻപറമ്പിൽ എത്തിയ ഇവർക്ക് സെക്യൂരിറ്റി ജീവക്കാരൻതന്നെയാണ് ഗേറ്റ് തുറന്നുകൊടുത്തത്. ഉള്ളിൽ കയറി അവിടെ ചുറ്റിക്കണ്ടതിനുശേഷം നാലരയോടെ ഗേറ്റിനടുത്ത് എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ട നിലയിലാണ്. സെക്യൂരിറ്റി ജീവനക്കാരനോട് വിവരം തിരക്കിയപ്പോൾ കോർപറേഷൻ ഓഫിസിൽനിന്നും ഉദ്യോഗസ്ഥന്മാരുടെ നിർദേശത്തെ തുടർന്നാണ് പൂട്ടിയിട്ടതെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു.
സംഭവമറിഞ്ഞ് ഗേറ്റിനുപുറത്ത് ബി.ജെ.പി പ്രവർത്തകരും തടിച്ചുകൂടി. ബി.ജെ.പി ജില്ല നേതൃത്വവും ഇടപെട്ടു. തുടർന്ന് സ്ഥലത്തെത്തിയ നല്ലളം പൊലീസ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10ന് ഞെളിയൻപറമ്പിലേക്ക് ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.