സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡിൽ കൗൺസിലർമാർ കൊമ്പുകോർത്തു
text_fieldsകോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാർക്കിങ് അവസാനിപ്പിക്കണമെന്ന ശ്രദ്ധക്ഷണിക്കലിനിടെ നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ കൊമ്പുകോർത്തു. ആളുകൾക്ക് ഭീഷണിയായ ലോറി പാർക്കിങ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ കെ. മൊയ്തീൻ കോയയാണ് ശ്രദ്ധ ക്ഷണിച്ചത്.
2017 മേയിൽ ലോറി സ്റ്റാൻഡ് മാറ്റുമെന്ന് അന്നത്തെ മേയർ കൗൺസിൽ യോഗത്തിൽ ഉറപ്പുപറഞ്ഞിട്ട് ഇതുവരെ നടപ്പായില്ലെന്നും സൗത്ത് ബീച്ചിെൻറ ടൂറിസം വികസനത്തിനുൾപ്പെടെ ലോറി സ്റ്റാൻഡ് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ഭരണപക്ഷ അംഗവും തൊഴിലാളി യൂനിയൻ നേതാവുമായ സി.പി. സുലൈമാൻ ലോറിസ്റ്റാൻഡ് വർഷങ്ങളായി ഇവിടെയുള്ളതാണെന്നും വലിയങ്ങാടി ഭാഗത്തുനിന്ന് ഇത് മാറ്റുന്നത് അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടിയതാണ് വാക്തർക്കത്തിനിടയാക്കിയത്.
ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പോര് തുടങ്ങി. തുടർന്ന് നഗരം വികസിക്കുകയാെണന്നും പുതിയ സ്ഥലം കണ്ടെത്തി ലോറി സ്റ്റാൻഡ് മാറ്റി പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടെതന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു.
വർഷങ്ങളായി ലോറി സ്റ്റാൻഡ് ഇവിടെയാണെന്നുപറയുന്നതിൽ പ്രസക്തിയില്ല. ഇക്കാര്യം ആലോചിക്കുന്നതിന് എല്ലാ യൂനിയനുകളുടെയും പൊലീസിെൻറയും യോഗം വിളിച്ചുചേർക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചവേണ്ടെന്നും അവർ പറഞ്ഞു. ഇതോടെയാണ് പോര് അവസാനിച്ചത്.
ഞെളിയൻ പറമ്പിൽ പുതിയ പ്ലാൻറ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുത്ത സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് ആറുമാസം കൂടി നീട്ടിനൽകാൻ തീരുമാനിച്ചു. ഒരുവർഷംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു നിർദേശമെങ്കിലും കോവിഡ് കാരണം പ്രവൃത്തി മുടങ്ങുകയായിരുന്നു.
കൂടുതൽ കാലതാമസമുണ്ടായാൽ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തുമെന്ന് അറിയിച്ചത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ ഇത്തരമൊരു ബാധ്യത വന്നാൽ അത് കമ്പനി വഹിക്കണമെന്ന വ്യവസ്ഥയോടെയാണ് പ്രവൃത്തിക്ക് സമയം നീട്ടിനൽകാൻ തീരുമാനിച്ചത്.
അമൃത് പദ്ധതിയിൽ കോതിയിലും ആവിക്കൽതോടും പ്ലാൻറുകൾ നിർമിക്കുന്നതിന് 11.71 കോടിയുടെ അധികചെലവ് വന്നത് പ്രതിപക്ഷത്തിെൻറ വിയോജിപ്പോടെ യോഗം അംഗീകരിച്ചു. എന്നാൽ അധിക തുക മറ്റേതെങ്കിലും ഫണ്ടിൽനിന്ന് അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വിഷയത്തിൽ വിശദീകരണം നൽകിയ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.
നഗരസഭയിലെ ഹരിത സഹായ സ്ഥാപനമായ നിറവ് സീറോ വേസ്റ്റ് മാനേജ്മെൻറിന് മാർച്ച് 31വരെ സമയം നീട്ടിനൽകുന്നതിനെയും പ്രതിപക്ഷം എതിർത്തെങ്കിലും യോഗം അംഗീകരിച്ചു. പി. ഉഷാദേവി, കെ.സി. ശോഭിത, എം.സി. അനിൽകുമാർ, എസ്.കെ. അബൂബക്കർ, ഒ. സദാശിവൻ, കവിത അരുൺ, പി.സി. രാജൻ, സി.എസ്. സത്യഭാമ, റിനീഷ്, പി. ദിവാകരൻ, ഡോ. അജിത, ഡോ. ജയശ്രീ, കെ.ടി. സുഷാജ്, എം.കെ. മഹേഷ്, പ്രേമലത, മനോജ്, പി.കെ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
സരോവരം റോഡ് കൈയേറ്റത്തിനെതിരെ നടപടി –മേയർ
കോഴിക്കോട്: എരഞ്ഞിപ്പാലം -സരോവരം പാർക്ക് റോഡ് കൈയേറി വാഹനം പൊളിക്കുന്നുവെന്ന പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്. പ്രതിപക്ഷത്തെ കെ.സി. ശോഭിതയാണ് ശ്രദ്ധ ക്ഷണിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും സരോവരം പാർക്കിലേക്ക് വരുന്നവർക്കും റോഡ് കൈയേറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് റൂട്ടിൽ രാത്രി ബസുകൾ ട്രിപ്പ് മുടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇ.എം. സോമെൻറ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മേയർ പറഞ്ഞു.
കിഴക്കേ നടക്കാവ് ചേമാത്ത് പറമ്പിൽ നഗരസഭയുടെ ഒമ്പതുസെൻറ് ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്ന അൽഫോൻസ മാത്യുവിെൻറ ശ്രദ്ധക്ഷണിക്കലിന് വിഷയം പരിശോധിക്കാൻ സെക്രട്ടറിയെ മേയർ ചുമതലപ്പെടുത്തി. വില്ലേജുകൾ പുനഃക്രമീകരിക്കാൻ കോർപറേഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കെ. നിർമലയാണ് പ്രമേയം അവതരിപ്പിച്ചത്.
അജ്ഞാത വാഹനങ്ങൾ രാത്രി നിരന്തരം അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണ സംവിധാനം കുറ്റമറ്റതാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. മൊയ്തീൻ കോയയാണ് പ്രമേയം അവതരിപ്പിച്ചത്. ജനുവരി ഏഴിന് റെയിൽവേ സ്റ്റേഷനു സമീപം മാധ്യമ പ്രവർത്തകന് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ കഴിയാത്തത് നടുക്കുന്നതാണ്. പൊലീസിെൻറ സി.സി ടി.വി കാമറയിൽ ബാക് അപ്പ് 24 മണിക്കൂർ മാത്രമാണുള്ളതെന്ന് മൊയ്തീൻ കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.