േകാവിഡ്: ഐസൊലേഷൻ വാർഡുകളിൽ വേണ്ടത്ര ജീവനക്കാരില്ല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു കളിൽ വേണ്ടത്ര ജീവനക്കാരില്ല. നാല് ഐ.സി.യുകളിൽ രണ്ട് വീതം നഴ്സുമാരാണ് ഡ്യൂട്ടിയിലുള്ളത്. ഓരോ വാർഡിലും 15 മുതൽ 18 വരെ രോഗികൾ ചികിത്സയിലുണ്ട്. അതി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഈ രോഗികളുടെ എല്ലാ കാര്യങ്ങളും നഴ്സുമാരും കെയർടേക്കർമാരും ആണ് നോക്കിനടത്തുന്നത്.
എന്നാൽ, നാല് ഐ.സി.യു വാർഡുകളിലേക്ക് ആയി ഒരു കെയർ ടേക്കർ മാത്രമാണ് ഉള്ളത്. ഇത്രയധികം രോഗികൾക്കായി ചുരുക്കം ജീവനക്കാർ മാത്രമായതിനാൽ രോഗികൾ പ്രാഥമിക കൃത്യങ്ങളടക്കമുള്ള കാര്യങ്ങൾക്കായി ബുദ്ധിമുട്ടുകയാണ്. വാർഡുകളിൽ ശുചീകരണത്തിന് വരുന്നവരാണ് രോഗികളുടെ പ്രാഥമിക കൃത്യങ്ങൾ ചെയ്ത് കൊടുക്കാൻ നഴ്സുമാരെ സഹായിക്കുന്നത്. അവരുടെ ശുചീകരണ പ്രവർത്തികൾക്ക് ശേഷമാണ് ഇതിന് വരുന്നത്.
നഴ്സുമാരടക്കം ജീവനക്കാരുടെ എണ്ണക്കുറവു കൊണ്ട് ഐസൊലേഷൻ വാർഡുകളും ബുദ്ധിമുട്ടുന്നു. അതിനിടെ വാർഡുകളിൽ മുതിർന്ന ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. പി.ജി. ഡോക്ടർമാരെയും ഹൗസ് സർജൻസുമാരെയുമാണ് വാർഡുകളിൽ ഡ്യൂട്ടിയിലിടുന്നത്. ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും പി.ജി ഡോക്ടർമാരുടെയും സേവനം വേണ്ടത്ര ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മുതിർന്ന ഡോക്ടർമാർ ആ വഴിക്കുപോലും ചെല്ലുന്നില്ല എന്ന് രോഗികളും ജീവനക്കാരും പറയുന്നു. രോഗികൾക്ക് കൂട്ടിരിപ്പുകാരില്ലാത്തതിനാൽ വിവരങ്ങൾ പുറത്തറിയുന്നില്ല.
ഹൗസ് സർജൻമാർ ഉൾപ്പെടെയുള്ള ജൂനിയർ ഡോക്ടർമാരെ ചികിത്സക്കയച്ച് മുതിർന്ന ഡോക്ടർമാർ മാറിയിരിക്കുകയാണെന്നാണ് ആരോപണം. എന്നാൽ, ഡോക്ടർമാരുടെ അലംഭാവത്തെ പി.പി.ഇ കിറ്റിനുള്ളിൽ മറച്ചു പിടിക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമം. പി.പി.ഇ കിറ്റ് ധരിച്ച് വാർഡിലേക്ക് ചെല്ലുന്നതിനാൽ രോഗികൾക്ക് ആളുകളെ മനസ്സിലാകാത്തതാണ് പരാതിക്ക് ഇടയാക്കുന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പി.പി.ഇ കിറ്റ് ധരിച്ച് രോഗിയുടെ അടുത്തേക്ക് ചെല്ലുേമ്പാൾ ഹൗസ് സർജനാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും അധികൃതർ പറയുന്നു.
ബീച്ച് ആശുപത്രി കോവിഡ് വാര്‍ഡിൽ വെള്ളമില്ലെന്ന് പരാതി
കോഴിക്കോട്: കോവിഡ് സ്പെഷൽ ആശുപത്രിയായ ബീച്ച് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ വിതരണം ചെയ്യുന്ന ഭക്ഷണം തികയുന്നില്ലെന്ന പരാതിക്ക് പിറകെ പ്രായമായവർക്കുള്ള പ്രത്യേക വാർഡിൽ വെള്ളമില്ലെന്നും പരാതി. കൈകഴുകാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും വെള്ളം ഇല്ലെന്നാണ് അന്തേവാസികളുടെ ബന്ധുക്കൾ പരാതിപ്പെടുന്നത്. സിവില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇദ്ദേഹത്തിെൻറ 73 വയസ്സുള്ള മാതാവ് ബീച്ച് ആശുപത്രിയിലെ പ്രായമായവരുടെ വാർഡിൽ കോവിഡ് ചികിത്സയിലാണ്. എന്നാല്‍, വെള്ളം ലഭിക്കാത്തതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഉമര്‍ ഫാറൂഖ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി വരെ വാര്‍ഡുകളില്‍ വെള്ളം എത്തിയിട്ടുണ്ട്. വെള്ളമില്ലെന്ന ആരോപണം സംബന്ധിച്ച് ഉടന്‍ അന്വേഷിക്കുമെന്നും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചതായി സൂപ്രണ്ട് അറിയിച്ചു. പലപ്പോഴും ഭക്ഷണം തികയാത്ത സാഹചര്യമാണുള്ളതെന്നും കൃത്യമായ അളവില്‍ ഭക്ഷണം ലഭിക്കാറില്ലെന്നുമായിരുന്നു രോഗികളുടെ ആരോപണം. നാലു ചപ്പാത്തി, നാല് ഇഡ്ഡലി എന്നീ രീതിയിലാണ് ഭക്ഷണ ക്രമം. എന്നാല്‍, പലപ്പോഴും മൂന്നണ്ണം മാത്രമാണ് ലഭിക്കാറുള്ളതെന്നായിരുന്നു പരാതി. ഈ പരാതികളെല്ലാം പരിഹരിച്ചതായി സൂപ്രണ്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.