കോവിഡ്: മെഡി. കോളജിൽ കൂടുതലും വൃക്ക രോഗികൾ; ഡയാലിസിസ് സൗകര്യം കുറവ്
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയ രോഗികളിൽ 70 ശതമാനവും വൃക്കരോഗികൾ. അതുകൊണ്ടുതന്നെ ഇവർക്ക് വേണ്ടത്ര ഡയാലിസിസ് സൗകര്യം ഒരുക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടില്ല.
കോവിഡിനു ത്രിതല ചികിത്സ സൗകര്യം നൽകുന്ന മെഡിക്കൽ കോളജിൽ രോഗികളുടെ ബാഹുല്യമാണ് ചികിത്സയെ ബാധിക്കുന്നത്. 325 കോവിഡ് രോഗികളാണ് ശനിയാഴ്ചത്തെ കണക്കുപ്രകാരം മെഡിക്കൽ കോളജിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുമായി ചികിത്സയിലുള്ളത്. ഗുരുതര കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് കോവിഡ് ഗുരുതരമാകുന്നത്. അത്തരക്കാർക്ക് കോവിഡ് ചികിത്സക്കൊപ്പം ഒാരോ അസുഖത്തിനും പ്രത്യേക ചികിത്സയും ആവശ്യമാണ്. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസ് നടത്തുന്ന വൃക്കരോഗികളാണ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയവരിൽ ഭൂരിഭാഗവും. ഡയാലിസിസിന് കാത്തുനിൽക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ഈയടുത്ത ദിവസം 15ാം വാർഡിൽ വീണ്ടും അഞ്ച് ഡയാലിസിസ് യൂനിറ്റുകൾ തുടങ്ങി. ഒരു രോഗിക്ക് ഡയാലിസിസ് ചെയ്യാൻ നാലു മണിക്കൂർ ആവശ്യമാണ്. ഏഴ് യൂനിറ്റുകൾ ഉണ്ടെങ്കിൽ പോലും ഇത്രയധികം രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുന്നില്ല.
ഡയാലിസിസിനായി വിവിധ സെൻററുകളെ സമീപിക്കുകയും അവിടെനിന്ന് കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്യുന്നതിനാലാണ് രോഗികളുടെ എണ്ണം വർധിക്കുന്നതെന്ന് വൃക്കരോഗ വിദഗ്ധനായ ഡോക്ടർ ഇ.കെ. ജയകുമാർ പറഞ്ഞു.
അതേസമയം, ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസ് ചെയ്തുവരുന്നവർക്ക് അത്രതവണ ഉള്ള ചികിത്സസൗകര്യം നിലവിൽ ലഭിക്കുന്നില്ല. എന്നാൽ അത് അവരുടെ ആരോഗ്യത്തെ ബാധിക്കാത്തവിധത്തിൽ മെഡിക്കൽ കോളജിൽ കൈകാര്യംചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജീവന് ഭീഷണിയുണ്ടെന്ന് കണ്ടാലുടൻ കൂടുതൽ ഡയാലിസിസ് നൽകുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.