കോവിഡ്: ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം
text_fieldsകോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. മൂന്നു ദിവസത്തെ ശരാശരി രോഗനിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാലാണ് പൊതുപരിപാടികൾ നിരോധിച്ചത്. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
എല്ലാ സർക്കാർ, അർധസർക്കാർ സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികളെ ചുമതലപ്പെടുത്തി. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഇരിക്കാവുന്നതിന്റെ പകുതിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിക്കും.
ഇതിനായി സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്താൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിന്നുകൊണ്ടുള്ള ബസ് യാത്ര അനുവദനീയമല്ല. നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിദിന രോഗികൾ രണ്ടായിരം കടന്നു
കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികൾ വലിയതോതിൽ കുതിക്കുന്നു. തിങ്കളാഴ്ചമാത്രം 2,043 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 1,990 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 26 പേര്‍ക്കും അഞ്ച് ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
6,355 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 513 പേര് കൂടി രോഗമുക്തി നേടി. 32.67 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ). രോഗം സ്ഥിരീകരിച്ച് 12,022 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,584 പേര് ഉള്‍പ്പടെ 23,887 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. 4,580 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
15 വയസ്സിന് മുകളിലുള്ള എല്ലാവരും നിശ്ചിത ഇടവേളയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കണമെന്ന് ഡി.എം.ഒ ഡോ. വി. ഉമർ ഫാറൂഖ് അറിയിച്ചു. വാക്സിനെടുത്തവര്‍ക്ക് രോഗം വന്നാല്‍ പോലും ഗുരുതരമാകാന്‍ സാധ്യതയില്ല. ശരിയായ വിധം മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.