കോഴിക്കോട് ജില്ലയിൽ കോവിഡ് കിടക്കകൾ 42 ശതമാനം നിറഞ്ഞു
text_fieldsകോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികൾക്കായി മാറ്റിവെച്ച കിടക്കകളുടെ 42 ശതമാനവും നിറഞ്ഞു. 39 സർക്കാർ -സർക്കാറിതര ആശുപത്രികളിലായി 3664 കിടക്കകളാണ് കോവിഡ് രോഗികൾക്കായി മാറ്റി വെച്ചിട്ടുള്ളത്. അതിൽ 1539 കിടക്കകളിലും രോഗികളുണ്ട്.
ജില്ലയിൽ ഒരുക്കിയ 225 ഐ.സി.യു കിടക്കകളിൽ 172 എണ്ണം ഒഴിവുണ്ട്. ബീച്ച് ആശുപത്രിയിലുള്ള 20 ഐ.സി.യുവിലും ആളുണ്ട്. എന്നാൽ, മെഡിക്കൽ കോളജിലെ 36 ഐ.സി.യുവിൽ 10 എണ്ണം ഒഴിവാണ്. കൂടാതെ പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ അതിൽ 18 ഐ.സി.യുവും തയാറാക്കിയിട്ടുണ്ട്. 93 വെൻറിലേറ്ററുകളിൽ 45 എണ്ണത്തിലും ആളുണ്ട്. മെഡിക്കൽ കോളജിൽ ഒരുക്കിയ 37 വെൻറിലേറ്ററുകളിൽ 21 എണ്ണം ഒഴിവുണ്ട്.
16 പേർ വെൻറിലേറ്ററിൽ ചികിത്സ തേടുന്നുണ്ട്. മിംസ് ആശുപത്രിയിലെ 24 വെൻറിലേറ്ററുകളിൽ രണ്ടെണ്ണം മാത്രമാണ് ഒഴിവുള്ളത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ 13 വെൻറിലേറ്ററുകൾ ഒഴിവാണ്.
ജില്ലയിലെ വിവിധ ആശുപത്രികളിലായി 218 രോഗികൾ അതി ഗുരുതരാവസ്ഥയിലാണ്. ഗുരുതര രോഗലക്ഷണങ്ങളുമായി 176 രോഗികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മിംസ് ആശുപത്രിയിൽ 35 പേരും ബേബി മെമ്മോറിയലിൽ 30 പേരും അതിഗുരുതര ലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
അതേസമയം, ജില്ലയിലെ വിവിധ ആശുപത്രികളിലും പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലുമായി രോഗലക്ഷണങ്ങൾ ഇല്ലാത്ത അറുപതോളം രോഗികളും ചികിത്സയിലുണ്ട്. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റു രോഗികൾ വീടുകളിൽ തന്നെ ക്വാറൻറീനിൽ തുടരുകയാണ്.
ഞായറാഴ്ചയിലെ കണക്ക് പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 366 പേർ ചികിത്സയിലുണ്ട്. അതിൽ 35 പേർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സ തേടുന്നത്.
176 പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. 11പേർ അതി ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുന്നവരാണ്. കോവിഡ് പോസിറ്റിവായവരും പോസിറ്റിവ് സംശയിക്കുന്നവരും ഉൾപ്പെടെ 26 പേർ ഐ.സി.യുവിൽ ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിലെ 17 ആരോഗ്യപ്രവർത്തകരും പോസിറ്റിവായി ചികിത്സയിലുണ്ട്. ഞായറാഴ്ച ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് രോഗികളായ 16 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.