കോവിഡ് നിയന്ത്രണം: കോഴിക്കോട് ജില്ല എ വിഭാഗത്തിൽ
text_fieldsകോഴിക്കോട്: ജനുവരി 20 മുതല്‍ 26 വരെ ജില്ലയില്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കലക്ടർ അറിയിച്ചു. രോഗബാധ നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ല അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ജില്ലയില്‍ എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മത- സാമുദായിക-പൊതുപരിപാടികള്‍ക്കും വിവാഹ -മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേരേ പങ്കെടുക്കാവൂ.
ജനുവരി 30 ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും. അവശ്യ സര്‍വിസുകള്‍ മാത്രമേ അനുവദിക്കൂ. എ വിഭാഗത്തിൽ അനുവര്‍ത്തിക്കേണ്ട നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ അയ്യായിരത്തിന് മുകളിലാണ് വ്യാഴാഴ്ച കോവിഡ് രോഗികളുടെ എണ്ണം.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർദേശിച്ചു. മൈക്ക് അനൗൺസ്മെന്റ് ഏറ്റവും ഫലപ്രദമായ മാർഗമാണ്. രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാത്തവരെ കണ്ടെത്തി വാക്സിനേഷൻ പൂർത്തിയാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ കലക്ടർ നിർദേശം നൽകി.
വീട്ടിൽ കഴിയുന്ന കോവിഡ് രോഗികളിൽ ദുർബല വിഭാഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. ആംബുലൻസ് സൗകര്യം ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ നടത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിർദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങുമ്പോൾ സമീപ പ്രദേശങ്ങളിലുള്ളവർക്കൂടി പ്രയോജനം നൽകാനാവുന്ന വിധത്തിൽ ഇവ സജ്ജമാക്കണമെന്നും കലക്ടർ നിർദേശിച്ചു.
മൂന്നാം തരംഗം പ്രതിരോധിക്കാൻ കൂട്ടായി പരിശ്രമിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യണമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണവും മരണനിരക്കും ജില്ലയിൽ താരതമ്യേന കുറവാണ്. എങ്കിലും മൂന്നാം തരംഗത്തിൽ ശക്തമായ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് കോവിഡ് ബെഡുകൾ ലഭ്യമാണ്. ഇവയുടെ ലഭ്യത കോവിഡ് ജാഗ്രത പോർട്ടലിൽ ദിനംപ്രതി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ജില്ലയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
ആർ.ആർ.ടികളെ സജ്ജമാക്കണമെന്നാവശ്യം
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനുള്ള റാപിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) അംഗങ്ങളെ ആവശ്യത്തിന് സജ്ജമാക്കണമെന്ന് ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ യോഗത്തിൽ ആവശ്യപ്പെട്ടു. വീട്ടിൽ ചികിത്സയിലുള്ളവരെ രോഗതീവ്രതയനുസരിച്ച് വിഭാഗം തിരിച്ച് ആശുപത്രിയിലാക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർ വഴിയേ സാധ്യമാകൂ. അതിനാൽ അംഗൻവാടി, ആശാ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തി ആർ.ആർ.ടി സംവിധാനം ശക്തിപ്പെടുത്തണം. ഒന്ന്, രണ്ട് തരംഗസമയങ്ങളിലേതുപോലെ കൺട്രോൾ റൂം സംവിധാനം ഒരുക്കണം.
വീട്ടിൽ കഴിയുന്നവരുടെ സ്ഥിതിവിവരം അറിയുന്നതിന് പാലിയേറ്റിവ് കെയർ ടീമിന്റെ സേവനം ലഭ്യമാക്കാം. ആവശ്യമെങ്കിൽ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ തുടങ്ങും. രോഗവ്യാപനശേഷി കൂടിയ ഒമിക്രോണിന് തീവ്രത കുറവായതിനാൽ രോഗലക്ഷണം കുറഞ്ഞവർ വീടുകളിൽതന്നെ കഴിയുകയാണ്. എന്നാൽ 65 വയസ്സിനു മുകളിലുള്ളവരും മറ്റു അസുഖബാധിതരും പരിശോധന ഉറപ്പു വരുത്തണം. രോഗലക്ഷണങ്ങളുള്ളവരുടെ ക്വാറന്റീൻ ഉറപ്പാക്കണം. ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റിവാകുന്ന സാഹചര്യത്തിൽ സ്പെഷലൈസ്ഡ് ഒ.പികൾ നിർത്തലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണ്.
ജീവനക്കാരുടെ ദൗർലഭ്യം പരിഹരിക്കാൻ 307 നിയമനങ്ങൾ ഉറപ്പായതോടെ ജില്ലയിലെ താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പരിശോധന നടത്തുന്നതിൽ ആയുർവേദ, ഹോമിയോ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സ്കൂളുകളിൽ നിയന്ത്രണം വേണമെന്ന്
കോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിനാൽ ചില സ്കൂളുകളിൽ കോവിഡ് ക്ലസ്റ്റർ സാഹചര്യമാണെന്ന് ആക്ഷേപം. വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി നടപ്പാക്കുമ്പോൾ ബലിയാടാവുന്നത് വിദ്യാർഥികളാണെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സെബാസ്റ്റ്യൻ ജോൺ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ജില്ലയിൽ 5,001 പേർക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ 5,001 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,775 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 123 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 73 പേർക്കും 30 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,576 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,012 പേര് കൂടി രോഗമുക്തി നേടി. നിലവിൽ 30,719 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 34,124 ആളുകളാണ് ക്വാറന്റീനിലുള്ളത്. 4,677 മരണമാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍: സർക്കാർ ആശുപത്രികള്‍ - 347, സ്വകാര്യ ആശുപത്രികൾ - 713, സെക്കൻഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 56, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 15, വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ - 24,585. ജില്ല കോവിഡ് കൺട്രോൾ റൂം ഫോൺ നമ്പറുകൾ: 0495 2376063, 0495 2371471. മാനസികാരോഗ്യ പിന്തുണക്ക് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് മണി വരെ വിളിക്കാം: 9495002270, 04952961385.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.