കോവിഡ്: പ്രവാസികൾക്കുള്ള വായ്പവിതരണം തുടങ്ങി
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്കുള്ള നഗരസഭയുടെ വായ്പവിതരണം തുടങ്ങി. കുടുംബശ്രീ കോഴിക്കോട് നോർത്ത്, സൗത്ത്, സെൻട്രൽ സി.ഡി.എസുകളിൽ നിന്നായി 21 അപേക്ഷകളിലാണ് ആദ്യഘട്ടത്തിൽ പണം പാസായത്. 20 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സൗത്ത് സി.ഡി.എസിലെ സലിം, മുഹമ്മദ് ബഷീർ എന്നീ ഗുണഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് കാരണം 14 ലക്ഷം പ്രവാസി മലയാളികൾക്ക് എങ്കിലും തൊഴിൽ നഷ്ടപ്പെടുകയോ തിരികെ പോകാൻ സൗകര്യം ഇല്ലാതിരുന്നതു കാരണം വിസയുടെ കാലാവധി തീർത്ത് നാട്ടിൽ കുടുങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പ്രവാസി മലയാളി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരം എന്ന നിലയിലാണ് സർക്കാർ പ്രവാസിഭദ്രത പദ്ധതി രൂപവത്കരിച്ചത്.
നോർക്ക റൂട്ട്സുമായി സംയോജിപ്പിച്ച് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ജോലിനഷ്ടപ്പെട്ട പ്രവാസികൾ ആകണമെന്നതാണ് നിബന്ധന. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളാകണം. കുറഞ്ഞത് ആറുമാസമെങ്കിലും അയൽക്കൂട്ടാംഗത്വം നേടിയ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമായിരിക്കണം. കുറഞ്ഞത് രണ്ടുവർഷമെങ്കിലും പ്രവാസ ജീവിതം നയിച്ച വ്യക്തി ആണെന്ന് നോർക്ക റൂട്ട്സിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും പദ്ധതി ഉപയോഗപ്പെടുത്താം. ഗുണഭോക്താക്കൾക്ക് രണ്ടു ലക്ഷം രൂപവരെ ധനസഹായം കിട്ടും. പലിശരഹിത വായ്പയായിട്ടാണ് തുക നൽകുന്നത്.
ആദ്യ ഗഡു ലഭിച്ച് മൂന്നു മാസത്തെ മൊറട്ടോറിയം കാലാവധിക്കുശേഷം 21 തുല്യ ഗഡുക്കളായി തിരിച്ചടച്ചാൽ മതി. ആദ്യഘട്ടത്തിൽ വായ്പയുടെ 50 ശതമാനവും സംരംഭം ആരംഭിച്ചുകഴിഞ്ഞാൽ ബാക്കി 50 ശതമാനം തുകയും ലഭിക്കും.
ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൻ ശ്രീമതി അംബിക, ശ്രീമതി ജാസ്മിൻ, ശ്രീമതി ശ്രീജ എന്നിവരും പ്രോജക്ട് ഓഫിസർ ശ്രീ ടി.കെ. പ്രകാശൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.