വിടാതെ കോവിഡ്; ജീവിതം ദുരിതത്തിലേക്ക്
text_fieldsകോഴിക്കോട്: കോവിഡ് മൂന്നാം തരംഗം ജില്ലയിൽ ജനജീവിതത്തെ ബാധിച്ചുതുടങ്ങി. കൂടുതൽ നിയന്ത്രണങ്ങളുള്ളതിനാൽ വിനോദസഞ്ചാരമേഖലക്കും സ്വകാര്യ ബസ് ഓപറേറ്റിങ് വ്യവസായത്തിനുമടക്കം തിരിച്ചടിതുടങ്ങി. കഴിഞ്ഞ നവംബറിന് ശേഷം തുറന്നുകൊടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പലതും കർശനമായ നിയന്ത്രണത്തിലേക്ക് പോവുകയാണ്.
ബീച്ചിനരികലെ കച്ചവടക്കാർ മുതൽ റിസോർട്ടിന്റെയും ഹോട്ടലുകളുടെയും ഉടമകൾക്കുവരെ കോവിഡ് മൂന്നാം തരംഗം വീണ്ടും ഇരുട്ടടിയാവുകയാണ്. ബസുകളിൽ ഇരുന്നുമാത്രം യാത്രചെയ്യാനുള്ള ഉത്തരവെത്തിയതോടെ പല റൂട്ടുകളിലും ബസ് സർവിസ് പിൻവലിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. പകുതി യാത്രക്കാരുമായി സർവിസ് നടത്തിയാൽ നഷ്ടമാണ് ഫലമെന്ന് ബസുടമകൾ പറയുന്നു. മൂന്നാഴ്ച കൊണ്ട് സജീവ രോഗികളുടെ എണ്ണം 3000ൽനിന്ന് 17,000ഓളം ആയി ഉയർന്നതായാണ് ജില്ലയിലെ ഔദ്യോഗിക കണക്ക്. പരിശോധന നടത്താത്ത കേസുകൾ നിരവധിയുണ്ട്. ഭൂരിഭാഗം രോഗികൾക്കും കടുത്ത ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിക്കാത്തത് ആശ്വാസകരമാണ്. 3196 കിടക്കകളിൽ 2215 എണ്ണവും (69.3ശതമാനം) ഒഴിഞ്ഞുകിടക്കുകയാണ്. 174 വെന്റിലേറ്ററുകളിൽ 92 എണ്ണത്തിലും രോഗികളില്ല. മെഡിക്കൽ കോളജിൽ 39 വെന്റിലേറ്ററുകളിൽ ഒന്നിൽ മാത്രമേ രോഗിയുള്ളൂവെന്നത് ഏറ്റവും ആശ്വാസകരമാണ്. അതിഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒമ്പത് പേർ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം അതിഗുരുതരാവസ്ഥയിൽ 37 പേരുണ്ടായിരുന്നു. 266 ഐ.സി.യുവുകളാണ് കോവിഡ് രോഗികൾക്കായി നിലവിൽ മാറ്റിവെച്ചിരിക്കുന്നത്.
146ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗവ. മെഡിക്കൽ കോളജിൽ ആകെയുള്ള 41 ഐ.സി.യുവുകളിൽ 27 എണ്ണമാണ് ബുധനാഴ്ചയിലെ കണക്കനുസരിച്ച് ബാക്കിയുള്ളത്. ഓക്സിജൻ സംവിധാനമുള്ള, ഐ.സി.യു അല്ലാത്ത 939 കിടക്കകളാണ് ജില്ലയിലുള്ളത്. ഇതിൽ പകുതിയിലും രോഗികളുണ്ട്. അതേസമയം, ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് രോഗം വർധിക്കുന്നതിനാൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ താൽക്കാലികമായി സജ്ജമാകേണ്ടതുണ്ട്. നിലവിൽ സി.എഫ്.എൽ.ടി.സികളും ഡൊമിസിലിയറി സെന്ററുകളും കാര്യമായി പ്രവർത്തിക്കുന്നില്ല.
ടി.പി.ആർ 40.53 ശതമാനം; 3386 പേർക്കുകൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ 3386 കോവിഡ് പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3285 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 55 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 21 പേര്‍ക്കും 25 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 8637 പേരെ പരിശോധനക്കു വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലിരുന്ന 740 പേര്‍കൂടി രോഗമുക്തി നേടി. 40.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17,055 പേരാണ് ചികിത്സയിലുള്ളത്. 13,140 പേരും വീടുകളില്‍ ചികിത്സയിലാണ്. ജില്ല കോവിഡ് കൺട്രോള് റൂം ഫോണ്‍ നമ്പറുകള്‍: 0495 2376063, 0495 2371471.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.