കോവിഡ് നിയന്ത്രണത്തിൽ കോഴിക്കോട് നഗരം
text_fieldsകോഴിക്കോട്: വീണ്ടും ആയിരം കടക്കുന്ന കോവിഡ് കണക്കുകളുടെ ഭീതിയിലമർന്ന് നഗരം. വിഷുവും റമദാനും ആളുകൾ കൂടുതലായി നഗരത്തിലിറങ്ങുമെന്ന് കണ്ട് ജില്ല ഭരണകൂടവും െപാലീസും നിയന്ത്രണവും പരിശോധനയും ശക്തമാക്കി. എന്നാൽ, മിഠായിത്തെരുവിൽ തിരക്കിന് വലിയ കുറവില്ലായിരുന്നു.
പൊതുവേ വിഷുവിെൻറ തലേ ദിവസം തിരക്കും ഗതാഗതക്കുരുക്കും നഗരത്തിൽ രൂക്ഷമാകാറുണ്ട്. ഇത്തവണ അതുണ്ടായില്ല. വിഷുവിന് ദിവസങ്ങൾക്ക് മുമ്പ് വിപണി സജീവമായിരുന്നെങ്കിലും കോവിഡ് രൂക്ഷമായതോടെ തിരക്കിലമരേണ്ട വിഷുത്തലേന്ന് തിരക്ക് കുറഞ്ഞു.
ദിവസവും നാലായിരത്തിനും അയ്യായിരത്തിനുമിടക്ക് ആളുകള്‍ എത്തിയിരുന്ന നഗരത്തിലെ മാളുകളിലെല്ലാം പകുതിയോളം പേരാണ് എത്തിയത്. ബീച്ചിലും വൈകീട്ട് അഞ്ചിനു ശേഷം ആളുകളെ പ്രവേശിപ്പിച്ചില്ല.
കോവിഡ് കേസുകള്‍ കൂടിയതും റമദാന് വ്രതം ആരംഭിച്ചതിനാലുമാകാം തിരക്ക് കുറയാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
മൺപാത്ര കച്ചവടക്കാരോ തെരുവുകച്ചവടക്കാരോ കൃഷ്ണ വിഗ്രഹങ്ങളുമായി നാടോടികളോ നഗരത്തിലിറങ്ങിയില്ല. വിഷുവിന് തലേ ദിവസം കൊന്നപ്പൂവും കണിവെള്ളരിയും വാങ്ങാന്‍ നിരവധി ആളുകളാണ് രാവിലെ മുതല്‍ പാളയം മാര്ക്കറ്റിലെത്താറുള്ളത്. എന്നാല്‍, ഒന്നോ രണ്ടോ കച്ചവടക്കാര്‍ മാത്രമാണ് വഴിയരികിലായി വിൽപന നടത്തുന്നത്.
മിഠായിതെരുവ്, വലിയങ്ങാടി, പാളയം തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പൊലീസ് കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. ബസുകളിലും ആളുകള്‍ കുറവായിരുന്നു. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തായതിനാൽ നഗരം ഹർത്താൽ പ്രതീതിയിലായിരുന്നു. ഇത്തവണ ലോക്ഡൗണല്ലെങ്കിലും കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ജില്ല ഭരണകൂടം കർശന നിയന്ത്രണങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.