പരിധിവിടുന്നത് തടയാൻ പൊലീസ്; മിഠായിത്തെരുവിൽ കേസും കൂട്ടവും
text_fieldsകോഴിക്കോട്: ഏറെ നാളുകൾക്ക് േശഷം ഞായറാഴ്ച കടകൾ തുറന്നപ്പോൾ നഗരത്തിലും പരിസരങ്ങളിലും വൻ തിരക്ക്. ബലിപെരുന്നാൾ പ്രമാണിച്ച് സർക്കാർ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ഇളവിെൻറ ആദ്യദിവസം റോഡും കവലകളും നിറഞ്ഞു. തുടർച്ചയായി അടച്ചിട്ടിരുന്ന മിക്ക കടകളും ഞായറാഴ്ച തുറന്നു.
എന്നാൽ, സ്വകാര്യബസുകൾ നിരത്തിലിറങ്ങിയത് കുറവായിരുന്നു. മിഠായിത്തെരുവിൽ തിരക്ക് ഒഴിവാക്കാൻ പൊലീസ് കർശന നടപടിയെടുത്തത് പലപ്പോഴും വ്യാപാരികളുടെ പ്രതിേഷധത്തിനിടയാക്കി.
10 വയസ്സിൽ കുറവുള്ളവരും പ്രായമായവരും തെരുവിലെത്തുന്നത് തടഞ്ഞു. പി.എം. താജ് റോഡ്, കോർട്ട് റോഡ് തുടങ്ങി തെരുവിെൻറ കവാടത്തിൽ ബാരിക്കേഡുകൾ െകട്ടിയാണ് പൊലീസ് നിയന്ത്രണമേർപ്പെടുത്തിയത്. ഹനുമാൻ കോവിൽ ക്ഷേത്രത്തിനു സമീപം തെരുവുകച്ചവടം ചെയ്തവരെയെല്ലാം ഒഴിപ്പിച്ചു.
കുട്ടികളുമായെത്തിയ രക്ഷിതാക്കൾക്കെതിരെ കേസ്
മിഠായിത്തെരുവിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളുമായി വന്ന 18 രക്ഷിതാക്കൾക്കെതിരെ ഞായറാഴ്ച നിയമനടപടികൾ സ്വീകരിച്ചതായി സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് സിറ്റി പരിധിയിൽ 223 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 279 കേസുകളുമുൾപ്പെടെ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് 806 കേസുകളെടുത്തു.
കൂടാതെ കോഴിക്കോട് സിറ്റി ലിമിറ്റിൽ അനാവശ്യയാത്ര നടത്തിയ 307 വാഹനങ്ങളും പിടിച്ചെടുത്തു. മിഠായിത്തെരുവിലും മറ്റുമായി സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 169 ഷോപ്പുകൾക്കെതിരെയും കേസുണ്ട്. മിഠായിത്തെരുവിൽ വഴിയോരകച്ചവടം തിങ്കളാഴ്ച മുതൽ നിരോധിച്ചു.
എല്ലാ കടകളും അവയുടെ വലുപ്പത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. കൂടാതെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി മാർക്കിങ് നടത്തേണ്ടതും തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കൺ സംവിധാനവും ഏർപ്പെടുത്തണമെന്നും െപാലീസ് അറിയിച്ചു. 44 പൊലീസുകാരെയാണ് മിഠായിത്തെരുവിൽ ഞായറാഴ്ച നിയമിച്ചത്. വരുംദിവസങ്ങളിലും നടപടി തുടരുമെന്ന് അസി. കമീഷണർ പി. ബിജുരാജ് പറഞ്ഞു.
'ഭീകരരോടെന്ന പോലെ പെരുമാറുന്നു'
ഭീകരരോടെന്ന പോലെയാണ് മിഠായിത്തെരുവിലെത്തുന്നവരോടും കച്ചവടക്കാരോടും പൊലീസ് പെരുമാറുന്നതെന്നും ഞായറാഴ്ച സാധനങ്ങൾ വാങ്ങാൻ ആളുകൾ കുറവായിരുെന്നന്നും വ്യാപാരികൾ പറഞ്ഞു. നേരത്തേ പൊലീസ് കാവലുള്ള കവാടങ്ങൾക്ക് പുറമെ, മറ്റു കവാടങ്ങളിലും പൊലീസ് നിരന്നു.
തെരുവ് കാണാത്ത വിധം കവാടങ്ങളിൽ പൊലീസ് വാഹനങ്ങൾ നിരത്തി യുദ്ധസമാന നടപടികൾ കണ്ടതോടെ സാധനം വാങ്ങാനെത്തുന്നവർ ഭയന്ന് പിന്മാറുന്ന സഥിതിയായി. പി.എം. താജ് റോഡിൽ മൂന്ന് മുള്ള് ബാരിക്കേഡുകളുയർത്തി. അസി. കമീഷണറുടെ നേതൃത്വത്തിൽ കോർട്ട് റോഡിലും പൊലീസ് നിരന്നു. ചാനലുകളിൽ രാവിലെ മുതൽ മിഠായിത്തെരുവിലെ നിയന്ത്രണങ്ങൾ വാർത്തയായത് ഉപഭോക്താക്കൾ പിന്തിരിയാൻ കാരണമായെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.