കോഴിക്കോട് മെഡിക്കൽ കോളജ് ഹെമറ്റോളജി വാർഡിൽ കോവിഡ് വ്യാപനം
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ഹെമറ്റോളജി വാർഡിൽ ചികിത്സതേടിയ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 15 പേരാണ് വാർഡിൽ അഡ്മിറ്റുള്ളത്. വാർഡിലുള്ള ഒരുരോഗിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പകർന്നതെന്നകാര്യം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.
രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾതന്നെ രോഗിക്കും ബൈ സ്റ്റാൻഡർക്കും ആൻറിജൻ പരിശോധന നടത്താറുണ്ട്. പരിശോധനയിൽ നെഗറ്റിവായവരെ മാത്രമേ വാർഡിൽ പ്രവേശിപ്പിക്കാറുള്ളൂ. അഡ്മിറ്റുള്ള എല്ലാവരെയും പരിശോധന നടത്തിയാണ് പ്രവേശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
ആഴ്ചകളോളം അഡ്മിറ്റായി ചികിത്സതേടുന്നവരാണ് രോഗികൾ. ഇവരെയും കൂട്ടിരിപ്പുകാരെയും പുറത്തുവിടാറില്ല. ആരെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുപോയിട്ടുണ്ടോ എന്നറിയില്ല. മാത്രമല്ല, ആൻറിജൻ പരിശോധന 60 ശതമാനം മാത്രമേ കൃത്യതയുള്ളൂ.
അഡ്മിറ്റാകുന്ന എല്ലാവർക്കും ആർ.ടി.പി.സി.ആർ എന്നത് പ്രായോഗികമല്ല. പോസിറ്റിവായ രോഗികളെ കോവിഡ് വാർഡിലേക്ക് മാറ്റുകയും വാർഡ് അണുമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ ഫേസ് ഷീൽഡും മാസ്കും ഗ്ലൗസും ധരിച്ചാണ് രോഗികളെ പരിശോധിക്കുന്നത് എന്നതിനാൽ ആരോഗ്യ പ്രവർത്തകരിൽനിന്ന് രോഗികളിലേക്കും തിരിച്ചും രോഗം പകരാൻ സാധ്യത കുറവാണ്. നിലവിൽ രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.