കോവിഡ് വ്യാപനം കുറയുന്നു; ജാഗ്രത കുറയരുത്
text_fieldsകോഴിക്കോട്: പ്രതിരോധം ശക്തമാക്കിയതോടെ ജില്ലയില്‍ കോവിഡ് വ്യാപനം നേരിയ തോതില്‍ കുറഞ്ഞുവരുന്നു. രോഗസ്ഥിരീകരണ നിരക്ക് കുറയുന്നതും കേസുകള്‍ ഇരട്ടിയാകാനെടുക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടുന്നതും ആശ്വാസ സൂചനയാണ്.
കഴിഞ്ഞ ഒരാഴ്ചയില്‍ രോഗികളുടെ എണ്ണത്തിെൻറ ദിവസ ശരാശരിയും താഴ്ന്നിട്ടുണ്ട്. 18 ദിവസമെടുത്താണ് കഴിഞ്ഞയാഴ്ച രോഗികളുടെ എണ്ണം ഇരട്ടിയായത്. ഈ മാസം ആദ്യ വാരം 14 ദിവസവും രണ്ടാം വാരം 15 ദിവസവുമായിരുന്നു കേസുകള്‍ ഇരട്ടിയാകാനെടുത്തത്.
രോഗസ്ഥിരീകരണ നിരക്കിലും (ടി.പി.ആര്) മാറ്റം വ്യക്തമാണ്. ഈ മാസത്തിെൻറ തുടക്കത്തിൽ 14.42 ശതമാനമായിരുന്നു ശരാശരി വാരാന്ത്യ ടി.പി.ആര്. രണ്ടാം വാരം 12.72 ശതമാനമായി കുറഞ്ഞു. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 12.61 ശതമാനമായതായി ജില്ല ഭരണകൂടത്തിെൻറ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മാസം 15ന് 18.21 ശതമാനമായി ടി.പി.ആര് ഉയര്‍ന്നിരുന്നു. ഞായറാഴ്ച 13.11 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ രോഗികളുടെ ദിവസത്തിലെ എണ്ണത്തിെൻറ ശരാശരി 972 ആയി കുറഞ്ഞു. മുന്‍വാരത്തില്‍ 1055ഉം ഒക്ടോബര്‍ ആദ്യവാരം 1001ഉം ആയിരുന്നു.
110 പേരാണ് ജില്ലയില്‍ ആകെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഇതര ജില്ലകളില്‍ നിന്നുള്ളവരും ഈ കണക്കില്‍ ഉള്‍പ്പെടും. കഴിഞ്ഞ ഒരാഴ്ചക്കിടെ 21 പേരാണ് മരിച്ചത്.
അതേസമയം, സംസ്ഥാനം മൊത്തം പരിശോധന കുറഞ്ഞത് ജില്ലയിലും പ്രതിഫലിച്ചു. ദിവസം 11,877 സാമ്പിളുകള്‍ വരെ പരിശോധിച്ചിരുന്ന ജില്ലയില്‍ കഴിഞ്ഞ ദിവസം പരിശോധിച്ചത് 7443 സാമ്പിളുകളാണ്. ഗ്രാമീണ മേഖലകളില്‍ പരിശോധനയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ ലക്ഷണങ്ങളുള്ളവരെ മാത്രമാണ് പലയിടത്തും പരിശോധിക്കുന്നത്. സ്വന്തം പണം കൊടുത്ത് പരിശാേധിക്കുന്നവരുടെ എണ്ണം ഓരോ ആഴ്ചയിലും കൂടുകയാണ്.
144 അടക്കമുള്ള നിയന്ത്രണങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ട്. കടകളിലും സ്ഥാപനങ്ങളിലും തിരക്ക് കുറക്കാന്‍ കച്ചവടക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അധികൃതരും മുന്നറിയിപ്പ് നല്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ ആര്‍ക്കും പിടികൂടാന്‍ അവസരമുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഫോട്ടോ എടുത്ത് കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ നടപടിയുണ്ടാകും. നിയമം ലംഘിച്ച വ്യക്തിയുടെ വിവരങ്ങളും അതത് പൊലീസ് സ്റ്റേഷെൻറ വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.