പ്രതിരോധ കോട്ട കെട്ടാനൊരുങ്ങി വൃദ്ധസദനങ്ങൾ
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുകയും ഉറവിട മറിയാത്ത കേസുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രായമായവർ താമസിക്കുന്ന വൃദ്ധസദനങ്ങളിൽ കോവിഡ് പരിശോധനക്കൊരുങ്ങി അധികൃതർ. പല സ്ഥാപനങ്ങളിലെയും മെഡിക്കൽ ഓഫിസർമാർ കോവിഡ് പരിരോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും സാമൂഹിക നീതി ഓഫിസർ ഷീബ മുംതാസ് പറഞ്ഞു. അടുത്ത ദിവസം മുതൽതന്നെ ഓരോ സദനങ്ങളിലായി പരിശോധന ആരംഭിക്കും.
ജില്ലയിൽ വെള്ളിമാട്കുന്നിലുള്ള സർക്കാർ വൃദ്ധസദനം ഉൾപ്പെടെ 19 സദനങ്ങളിലായി 936 അന്തേവാസികളാണുള്ളത്. ഇവരിൽ ആരോഗ്യപ്രശ്നങ്ങളുള്ളവരുമുണ്ട്. പ്രായമായവർക്കോ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കോ കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. അതിനാൽ, സമ്പർക്കവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങളിലും മാർച്ച് 23 മുതൽതന്നെ പൂർണ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അന്തേവാസികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിച്ച് റിപ്പോർട്ട് സാമൂഹിക നീതി മിഷന് സമർപ്പിക്കണം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കാൻ വൃദ്ധസദനങ്ങൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ പ്രത്യേക സേവനവും ലഭ്യമാക്കുന്നുമുണ്ട്. നിലവിൽ എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇനി ആർക്കെങ്കിലും മറ്റെന്തെങ്കിലും അസുഖം വന്നാൽ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.