ഗവ. മെഡി.കോളജ് മാലാഖമാർക്ക് നരകം; 65 നഴ്സുമാർക്ക് കോവിഡ്
text_fieldsകോഴിക്കോട്: ജോലി ഭാരത്താൽ പൊറുതിമുട്ടുന്ന ഗവ.മെഡിക്കൽ കോളജിലെ നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് പിടിപെടുന്നത് ഇരട്ട ആഘാതം സൃഷ്ടിക്കുകയാണ്. 65 നഴ്സുമാരാണ് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. മൂന്നാം കോവിഡ് തരംഗം വ്യാപിക്കുന്നതിനിടെ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാവുകയാണ്. മെഡിക്കൽ കോളജിലെ അനുബന്ധ ആശുപത്രികളിലും ജില്ല കോവിഡ് ആശുപത്രിയിലും ആവശ്യത്തിന് നഴ്സുമാരില്ലാത്തത് രോഗികളെയും നഴ്സുമാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.
നിലവിലുള്ള നഴ്സുമാർക്ക് ജോലിഭാരം താങ്ങാവുന്നതിലും അധികമാണെന്നാണ് പരാതി. കോവിഡ് ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് നഴ്സുമാരെ എം.സി.എച്ചിൽ നിന്നാണ് നൽകുന്നത്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും ടെർഷ്യറി കാൻസർ സെന്ററും ആരംഭിച്ചപ്പോൾ അവിടേക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കാതെ എം.സി.എച്ചിലെ നഴ്സുമാരെ തന്നെ പുനർവിന്യസിച്ച് ജോലിചെയ്യിപ്പിക്കുകയാണുണ്ടായത്.
ഒന്ന്, രണ്ട് കോവിഡ് തരംഗത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കോവിഡ് ഇതര രോഗികൾ മെഡിക്കൽ കോളജിൽ ഇപ്പോൾ ചികിത്സയിലുണ്ട്. കോവിഡ് ആശുപത്രിയിൽ രോഗികൾ കൂടുന്നതിന് സമാനമായി കോവിഡ് ഇതര രോഗികളും കൂടുന്നതോടെ നഴ്സുമാർക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.
സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും സമാന സ്ഥിതിയായതിനാൽ കൂടുതൽ നഴ്സുമാരെ നിയമിക്കാനുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് ഇറക്കിയിട്ടുണ്ട്. പക്ഷേ, നിയമനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എത്രപേരെ എന്ന് നിയമിക്കുമെന്ന് ഒരു വിവരവുമില്ല.
250 ജീവനക്കാരെ വേണമെന്നാവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ല. താൽക്കാലികമായെങ്കിലും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ചും ആവശ്യപ്പെട്ടു.
100 രോഗികൾക്ക് ഒരു നഴ്സ്
ജില്ല കോവിഡ് ആശുപത്രിയിൽ രോഗികളുടെ എണ്ണം 250ന് മുകളിലാണ്. ഏഴ് വാർഡിലും മൂന്ന് ഐ.സി.യുവിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. നൂറോളം രോഗികളെ ചികിത്സിക്കാൻ ഒരു സ്റ്റാഫ് നഴ്സ് മാത്രമാണുള്ളത്. കോവിഡിന്റെ ഗുരുതര സാഹചര്യം മുന്നിൽ കണ്ട് 18 രോഗികളെ കിടത്താവുന്ന മറ്റൊരു ഐ.സി.യുവും ആശുപത്രിയിൽ സജ്ജമാക്കുന്നുണ്ടെങ്കിലും നഴ്സുമാരുടെ കുറവ് ആശങ്കയാവുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇവിടേക്ക് നിയമിച്ച 639 കോവിഡ് ബ്രിഗേഡ് ജീവനക്കാരിൽ 140 സ്റ്റാഫ് നഴ്സുമാർ ഉണ്ടായിരുന്നു. ഒക്ടോബറോടെ ഇവരെയെല്ലാം പിരിച്ചുവിട്ടെങ്കിലും പിന്നീട് ആരെയും നിയമിച്ചതുമില്ല.
ആവശ്യം കൂടുതൽ നിയമനം...
മെഡിക്കൽ കോളജിലേക്ക് ആകെ അനുവദിച്ച 500 സ്റ്റാഫ് നഴ്സുമാരുടെ തസ്തികയിൽ 114 എണ്ണം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രേഡ് രണ്ടിൽ 333 തസ്തികയിൽ 277 പേരെയും ഗ്രേഡ് ഒന്നിൽ 169ൽ 109 പേരെയുമേ നിയമിച്ചുള്ളൂ. ബി.എസ്.സി നഴ്സിങ് വിദ്യാർഥികൾക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പും പി.എസ്.സിയുടെ സ്ഥിരനിയമനത്തിനു പകരമായി കോഴ്സ് കഴിഞ്ഞവർക്ക് ഒരു വർഷത്തെ ബോണ്ട് സർവിസും മെഡിക്കൽ കോളജിലുണ്ട്.
കഴിഞ്ഞ പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വരാത്തതിനാൽ പുതിയ നിയമനങ്ങളും നടക്കുന്നില്ല. ആശുപത്രി വികസന സമിതിയിലൂടെ 244 താൽക്കാലിക നിയമനങ്ങളാണ് ഈ ഒഴിവുകളിലേക്ക് പകരമായി അവസാനം നടന്നത്. പക്ഷേ, ഇതൊന്നും തന്നെ പ്രശ്നത്തിന് പരിഹാരമാവുന്നില്ലെന്നാണ് ആക്ഷേപം.
ഇതിനിടെ, എൻ.എച്ച്.എം മുഖേന ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ച 24 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ കോളജിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയെങ്കിലും ഇവരിൽ ചിലർ ജോലിക്കെത്തിയില്ലെന്നാണ് അറിയുന്നത്. ലീവിൽ പ്രവേശിക്കുന്ന നഴ്സുമാരുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിലും വീഴ്ചയുണ്ടാവുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ നഴ്സുമാരെ കൂട്ടത്തോടെ നിയമിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.
പ്രശ്ന പരിഹാരം ഉടനെന്ന് പ്രതീക്ഷ
'നഴ്സുമാർക്ക് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്നത് യാഥാർഥ്യമാണ്. സംഘടനയുടെ നേതൃത്വത്തിൽ കൂടുതൽ നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ആരോഗ്യവകുപ്പിനെ വിഷയത്തിന്റെ ഗൗരവം അറിയിച്ചു. അനുകൂല നിലപാട് ഉടൻ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നഴ്സുമാർക്ക് കൂട്ടത്തോടെ രോഗം പടരുന്നതാണ് വലിയ പ്രതിസന്ധിയാവുന്നത്'.
എ. ബിന്ദു (കെ.ജി.എൻ.എ ജില്ല സെക്രട്ടറി)
പ്രതിഷേധം ശക്തമാക്കും
'ജോലി ഭാരത്താൽ നഴ്സുമാർ മാനസിക സമ്മർദത്തിലാണ്. രോഗികളെ ശരിയായ രീതിയിൽ പരിചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രശ്ന പരിഹാരത്തിനായി പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാറിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവാനാണ് തീരുമാനം.'
കെ.പി. സജിത്ത് (കെ.ജി.എൻ.യു മെഡിക്കൽ കോളജ് ബ്രാഞ്ച് സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.