മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ ഏഴു സുരക്ഷാജീവനക്കാർക്ക് കോവിഡ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാജീവനക്കാർക്ക് കോവിഡ്. ഐ.എം.സി.എച്ചിലെ പി.ആർ.ഒ അടക്കം ഏഴു സുരക്ഷാജീവനക്കാരാണ് കോവിഡ് സ്ഥിരീകരിച്ച് ക്വാറൻറീനിലായത്. ഇതോടെ ആശുപത്രിയിൽ സുരക്ഷക്ക് ആളുകളില്ലാത്ത അവസ്ഥയാണ്.
നിലവിൽ താൽക്കാലിക ശുചീകരണ തൊഴിലാളികളെയാണ് സുരക്ഷാപ്രവർത്തനങ്ങൾക്കുകൂടി നിയോഗിച്ചിരിക്കുന്നത്. ഇതോടെ ശുചീകരണത്തിനും ആവശ്യത്തിന് ആളുകൾ ഇല്ലാത്ത അവസ്ഥയാണ്. സുരക്ഷക്കായി ജീവനക്കാരെ വേണ്ടത്ര നിയോഗിക്കാനാവാത്തതിനാൽ ആശുപത്രിയിൽ ആളുകൾ കയറിയിറങ്ങുകയാണ്. മോഷ്ടാക്കളടക്കമുള്ള ശല്യങ്ങൾ നേരിടേണ്ടിവരുമെന്ന ഭയത്തിലാണ് ജീവനക്കാർ അടക്കമുള്ളവർ.
അഞ്ചു ദിവസം മുമ്പാണ് ആദ്യത്തെ സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ റിസ്ക് അസസ്മെൻറിലാണ് ബാക്കിയുള്ളവർക്ക് കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തമായത്. അതേസമയം, ആശുപത്രിയിൽ കൂടുതൽ പേർക്ക് റിസ്ക് അസസ്മെൻറ് നടത്തിയെങ്കിലും മറ്റാർക്കും കോവിഡ് പോസിറ്റിവ് കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂറുൽ അമീൻ പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാർക്ക് കോവിഡ് നെഗറ്റിവ് ആകുന്നതുവരെ ആശുപത്രിയുടെ സുരക്ഷാചുമതലകൾക്കായി മറ്റു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.