പേയിളകി പശുക്കൾ ചത്തൊടുങ്ങുന്നു; മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും നോക്കുകുത്തിയാകുന്നതായി പരാതി
text_fieldsകക്കോടി: പേയിളകി വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങിയിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. മക്കട ബദിരൂരില്‍ കുറുക്കന്റെ ആക്രമണത്തില്‍ പശുക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും ഒരുമാസം മുമ്പ് കടിയേറ്റിരുന്നു. ഇതേത്തുടർന്നാണ് പത്തോളം പശുക്കൾ ചത്തത്.
ഒരുകിലോമീറ്റർ ചുറ്റളവിൽ 10 പശുക്കൾ പലദിവസങ്ങളായി പേ ലക്ഷണത്തോടെ ചത്തിട്ടും അധികൃതർ നടപടികൾ സ്വീകരിക്കാത്തതാണ് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത്. കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്ത പശുക്കളും ചത്തതോടെ പ്രതിരോധമരുന്നിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.
ജൂലൈ അഞ്ചിനാണ് പശുക്കളെയും വളർത്തുമൃഗങ്ങളെയും കുറുക്കൻ കടിച്ചത്. ഈ പശുക്കൾക്കെല്ലാം പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നുവത്രെ. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വീടുകളിലെത്തി കടിയേറ്റ പശുക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയിട്ടും ഫലമില്ലായിരുന്നു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വേണ്ടനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പിന്റെ സഹായം തേടിയതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ പറഞ്ഞു.
നടപടി സ്വീകരിച്ചതായി കക്കോടി ഗ്രാമപഞ്ചായത്ത്
കക്കോടി: പേയിളകി വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്നത് ജില്ല കലക്ടറുടെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും ശ്രദ്ധയിൽപെടുത്തിയതായി കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ പറഞ്ഞു. മക്കട ബദിരൂരില്‍ കുറുക്കന്റെ ആക്രമണത്തില്‍ പശുക്കള്‍ക്കും വളര്‍ത്തുനായ്ക്കള്‍ക്കും ഒരുമാസം മുമ്പ് കടിയേറ്റിരുന്നു.
ഇതേതുടർന്ന് പത്തോളം പശുക്കൾ ചത്തിരുന്നു. പശുക്കളുടെ മുഖത്ത് കുറുക്കന്റെ കടിയേറ്റതിനാലാണ് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദമാകാതിരുന്നതെന്നാണ് വെറ്ററിനറി സർജൻ അറിയിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉടമകളുടെയും കർഷകരുടെയും യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ പറഞ്ഞു. പശുക്കൾ ചത്തൊടുങ്ങിയിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.