സി.പി.ഐയിലെ പടലപ്പിണക്കം വികസനം മുരടിപ്പിക്കുന്നു; നാദാപുരം എം.എൽ.എക്കെതിരെ മുസ്ലിംലീഗ്
text_fieldsനാദാപുരം: സി.പി.ഐയിലെ പടലപ്പിണക്കം നാദാപുരത്ത് വികസനം മുരടിപ്പിക്കുന്നു എന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്ത്. പ്ലസ് വൺ അധിക ബാച്ചിലേക്കുള്ള സീറ്റ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് ഇ.കെ. വിജയൻ എം.എൽ.എക്കെതിരെ ലീഗ് പരസ്യ ഏറ്റുമുട്ടലിലേക്ക് നിങ്ങുന്നത്. കഴിഞ്ഞദിവസം നാദാപുരം മണ്ഡലത്തിലെ ഒറ്റ സ്കൂളിലും സീറ്റ് വർധന നൽകിയില്ല എന്ന ആരോപണം ലീഗ് നേതൃത്വം ഉന്നയിച്ചിരുന്നു.
ഇതിനുപുറമെയാണ് വികസന മുരടിപ്പ് വാദവും ലീഗ് നേതൃത്വം ഉയർത്തുന്നത്. ഏറെക്കാലമായി സി.പി.ഐ പ്രതിനിധാനംചെയ്യുന്ന നാദാപുരം മണ്ഡലത്തിന്റെ വികസനം അനുദിനം മുരടിച്ചുവരുകയാണെന്നും ശ്രദ്ധേയമായ പദ്ധതികളൊന്നും ഈ മണ്ഡലത്തിലേക്ക് എത്തുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പ്രധാന കാർഷിക മേഖലയായ ഈ മണ്ഡലത്തിൽ കർഷകർ കൃഷി ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു. അവർക്ക് പ്രോത്സാഹനം നൽകുന്ന ഒന്നുംതന്നെ നടപ്പാക്കിയില്ല. പ്രവാസികൾ ഏറെയുണ്ടെങ്കിലും അവരുടെ സേവനം ഉപയോഗിച്ച് നടപ്പാക്കാൻ കഴിയുന്ന പദ്ധതികളെക്കുറിച്ച് ആലോചന പോലുമുണ്ടായില്ല.
മഴക്കുമുമ്പ് നടക്കേണ്ട പ്രവൃത്തികൾ നടത്താത്തതിനാൽ റോഡ് മുഴുവൻ തകർന്നു. ഏറെ തിരക്കുപിടിച്ച കല്ലാച്ചി, നാദാപുരം ടൗണിൽ പൈപ്പ് ലൈൻ പ്രവൃത്തി നടന്ന ഭാഗം വലിയ ഗർത്തങ്ങളായി മാറി അപകടാവസ്ഥയിലെത്തി.
എം.എൽ.എക്കെതിരെ പാർട്ടിക്കുള്ളിലുള്ള പടലപ്പിണക്കങ്ങളും മണ്ഡലത്തോട് സർക്കാറിനുള്ള താൽപര്യക്കുറവുമാണ് വികസന മുരടിപ്പിന് പ്രധാന കാരണമായതെന്ന് ലീഗ് നേതാക്കൾ പറയുന്നു. പ്ലസ് വൺ അഡീഷനൽ ബാച്ച് അനുവദിച്ചപ്പോൾ ഈ കാര്യം ഏറെ ബോധ്യപ്പെട്ടു. തൊട്ടടുത്ത കുറ്റ്യാടി മണ്ഡലത്തിൽ മൂന്ന് സ്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചു.
നാദാപുരത്ത് ആയിരത്തോളം കുട്ടികൾ പ്ലസ് വൺ അഡ്മിഷൻ കിട്ടാതെ പുറത്തുനിൽക്കുമ്പോൾ ഒരു ബാച്ച് പോലും അനുവദിച്ചില്ല. നാദാപുരത്തിന്റെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരപരിപാടികൾക്ക് മുസ്ലിംലീഗ് നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ.കെ. മൂസ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.