സി.പി.എം കോഴിക്കോട് ജില്ല സമ്മേളനം പത്തു മുതൽ; ഒരുക്കങ്ങളായി
text_fieldsകോഴിക്കോട്: ജനുവരി പത്ത്, 11, 12 തീയതികളിൽ കടപ്പുറത്തെ സമുദ്ര ഓഡിറ്റോറിയത്തിൽ (എം. കേളപ്പൻ നഗർ) നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി പി. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16 ഏരിയ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 208 പേരും ജില്ല കമ്മിറ്റി അംഗങ്ങളായ 42പേരും ഉൾപ്പെടെ 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
ഒമ്പതിന് വൈകീട്ട് അഞ്ചിന് കടപ്പുറത്തെ പൊതുസമ്മേളന വേദിയിൽ (ഇ.എം.എസ് നഗർ) സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പതാക ഉയർത്തും. പതാക വേങ്ങേരിയിലെ വിജു, വിജയൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ജില്ല സെക്രട്ടേറിയറ്റ് അംഗം മാമ്പറ്റ ശ്രീധരന്റെ നേതൃത്വത്തിലും കൊടിമരം മാങ്കാവിലെ കെ.കെ. രാമൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നും ജില്ല സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബിന്റെ നേതൃത്വത്തിലുമാണ് സമ്മേളന നഗരിയിലെത്തിക്കുക. ദീപശിഖ ജില്ല സെക്രട്ടേറിയറ്റ് അംഗം പി. വിശ്വന്റെ നേതൃത്വത്തിൽ എത്തിച്ച് സമ്മേളന നഗരിയിൽ ജ്വലിപ്പിക്കും.
പത്തിന് രാവിലെ എട്ടിന് രജിസ്ട്രേഷൻ തുടങ്ങും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുഷ്പചക്രം അർപ്പിക്കും. 'കമ്യൂണിസ്റ്റുകാരും ദേശീയ സ്വാതന്ത്ര്യസമരവും' സ്മരണിക പിണറായി വിജയൻ കെ.പി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യും. രാവിലെ പത്തിന് കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
12 മണിക്ക് ജില്ല സെക്രട്ടറി പി. മോഹനൻ നാലുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകീട്ട് 4.30ന് ആരംഭിക്കുന്ന പൊതു ചർച്ച രാത്രി 7.30വരെ തുടരും. 11ന് രാവിലെ 9.30 പൊതുചർച്ച പുനരാരംഭിച്ച് ഉച്ചയോടെ പൂർത്തിയാക്കും. 3.30ന് ചർച്ചക്ക് ജില്ല സെക്രട്ടറിയും സംസ്ഥാന നേതാക്കളും മറുപടി നൽകും. 12ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പുതിയ ജില്ല കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. തുടർന്ന് പുതിയ ജില്ല സെക്രട്ടറി ഭാവിപരിപാടികൾ അവതരിപ്പിക്കും.
വൈകീട്ട് നാലിന് കടപ്പുറം ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടപ്പുറത്തും വെർച്വൽ പ്ലാറ്റ്ഫോമിലുമായി രണ്ടര ലക്ഷത്തോളം പേർ പൊതുസമ്മേളനത്തിന്റെ ഭാഗമാവും. കഴിഞ്ഞ സമ്മേളനത്തിനുശേഷം ജില്ലയിൽ 12,320 പേർ കൂടി പാർട്ടി അംഗങ്ങളുടെ എണ്ണം 51,587 ആയെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ്കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജോർജ് എം. തോമസ്, എം. മെഹബൂബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.