സി.പി.എം നേതാവിന്റെ വിവാദപരാമർശം: പൂവാട്ടുപറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു
text_fieldsകുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരെ സി.പി.എം നേതാവിെൻറ അസഭ്യപരാമർശത്തെ തുടർന്ന് പൂവാട്ടുപറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു.
സി.പി.എം ജില്ല കമ്മിറ്റിയംഗം പി.കെ. പ്രേംനാഥാണ് പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിംലീഗ് നേതാവുമായ പി.കെ. ഷറഫുദ്ദീനെതിരെ അസഭ്യപരാമർശം നടത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പെരുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വ്യാഴാഴ്ച വൈകീട്ട് മുതൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
14 ദിവസത്തേക്കാണ് നിരോധനാജ്ഞ. പൂവാട്ടുപറമ്പിൽ വ്യാഴാഴ്ച വൈകുന്നേരം ഡി.വൈ.എഫ്.ഐയും യു.ഡി.എഫും പ്രതിഷേധ സംഗമങ്ങൾ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞയെ തുടർന്ന് പൊലീസ് ഈ പരിപാടികൾ നിർത്തിവെപ്പിച്ചു.
തുടർന്ന്, കുറ്റിക്കാട്ടൂരിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുവാദം ചോദിച്ചിരുന്നുവെങ്കിലും പൊലീസ് നിഷേധിച്ചു.
സംഘർഷാവസ്ഥയെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് പൂവാട്ടു പറമ്പിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഡെപ്യൂട്ടി പൊലീസ് കമീഷണർ സപ്നിൽ എം. മഹാജെൻറ നേതൃത്വത്തിലാണ് പൊലീസ് റൂട്ട് മാർച്ച് നടത്തിയത്.
സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ബുധനാഴ്ച പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാർച്ചിനിടെയാണ് വിവാദമായ പരാമർശങ്ങൾ ഉണ്ടായത്.
ഷറഫുദ്ദീനടക്കമുള്ള മെംബർമാർ രാത്രിയിൽ ഗ്രാമപഞ്ചായത്ത് ഒാഫിസിനുള്ളിൽ ചെലവഴിച്ചതിനെച്ചൊല്ലി ഡി.വൈ.എഫ്.ഐയും യു.ഡി.എഫും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായിരുന്നു. വിഷയത്തെ ചൊല്ലി പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഏതാനും ദിവസങ്ങളായി യു.ഡി.എഫ്, എൽ.ഡി.എഫ് തർക്കം രൂക്ഷമാണ്.
ഷറഫുദ്ദീനും മെംബർമാരും രാത്രിയിൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചെലവഴിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ച സി.പി.എം ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഈ മാർച്ചിെൻറ ഉദ്ഘാടനപ്രസംഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്.
വിവാദ പരാമർശത്തിനെതിരെ പി.കെ. ഷറഫുദ്ദീൻ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.